Connect with us

From the print

കേരള പ്ലാനിംഗ് ബോര്‍ഡ് വിപുലീകരിക്കണം: ബുഖാരി തങ്ങള്‍

വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളണം.

Published

|

Last Updated

സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരെ കേരളയാത്രാ നായകർ ചേർന്നു സ്വീകരിക്കുന്നു

തിരുവനന്തപുരം | കേരളത്തിന്റെ വൈവിധ്യത്തെയും ആവശ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വിപുലീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും കേരളയാത്രാ

ഉപനായകനുമായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി. കേരളയാത്ര സമാപന സമ്മേളനത്തില്‍ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സുന്നി പ്രസ്ഥാനമാണ് കേരളയാത്ര തുടങ്ങിയത്. തിരുവനന്തപുരത്ത് സമാപിക്കുമ്പോഴേക്കും കേരളീയ പൊതുമണ്ഡലത്തില്‍ ആഴത്തില്‍ ഇടപെട്ട ജനകീയ പ്രസ്ഥാനമായി അത് മാറി. ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയാത്തവിധം മുഴുവന്‍ മലയാളികളുടേതുമായിരുന്നു യാത്ര.

മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം ഒരു സംഘടനയുടെയോ സമുദായത്തിന്റെയോ മുദ്രാവാക്യമായി ആര്‍ക്കും തോന്നിയില്ല. എല്ലാവര്‍ക്കും പങ്കുവെക്കാവുന്ന നൈതിക ആഹ്വാനമായി ജനങ്ങള്‍ ആ മുദ്രാവാക്യത്തെ അനുഭവിച്ചു. ഇത് നാടിന്റെ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നതാണ്.

കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ ക്ഷേമകാര്യ- വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും ബോര്‍ഡര്‍ ഏരിയ വികസന സമിതി രൂപവത്കരിക്കണം. സമീപഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തും വിദഗ്ധ ചികിത്സാ മേഖലയിലുമായിരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസുകളിലും പരീക്ഷകളിലും അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന മാറ്റങ്ങള്‍ കൊണ്ടുവരണം. എന്നാല്‍ മാത്രമേ, പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകൂ. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണം. അതുവഴി സര്‍ക്കാര്‍ തൊഴില്‍ മേഖലയില്‍ പൂര്‍ണമായ സാമൂഹിക നീതി നടപ്പാക്കണമെന്നും ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.

ജില്ലകളെ പുനഃക്രമീകരിക്കാതെ സംസ്ഥാനം കരസ്ഥമാക്കിയ നേട്ടങ്ങളെ എല്ലായിടത്തും നീതിപൂര്‍വം എത്തിക്കാന്‍ സാധിക്കില്ല. സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യം ഗൗരവത്തിലെടുക്കണം. ഈ ആവശ്യത്തോട് മുഖംതിരിച്ച് നില്‍ക്കുന്നവരെ തങ്ങളും തിരിച്ചറിയും. കഴിഞ്ഞ കേരളയാത്രയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരും വാഹനങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇത്തവണ, ആരും തടസ്സപ്പെടുത്താതെ ഇങ്ങോട്ടു വരാനുള്ള അവസരമുണ്ടായി. ഇതാണ് സുന്നി പ്രസ്ഥാനത്തിന്റെ കരുത്തും വിജയവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.