Connect with us

From the print

കേരളയാത്രക്ക് ഉജ്ജ്വല പരിസമാപ്തി

ഒരു പുരുഷായുസ്സ് മുഴുവന്‍ സ്നേഹത്തിന്റെ ഇടപെടലുകള്‍ക്ക് വിനിയോഗിച്ച മഹാമനീഷി മനുഷ്യന്‍ മനുഷ്യരോടൊപ്പമുണ്ടോ എന്ന ചോദ്യമുയര്‍ത്തി നാടിന്റെ ഹൃദയഭൂമിയിലൂടെ കടന്നുവന്നപ്പോള്‍ ആ യാത്രയെ മത- രാഷ്ട്രീയ മതിലുകള്‍ക്കപ്പുറം ജനത വാരിപ്പുണര്‍ന്നു.

Published

|

Last Updated

തിരുവനന്തപുരം | ഇരമ്പിയെത്തിയ മനുഷ്യ മഹാസാഗരം സാക്ഷി, മനുഷ്യരോടൊപ്പം കാലത്തിന്റെ സുല്‍ത്താന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ ചരിത്രസഞ്ചാരത്തിന് അനന്തപുരിയില്‍ ഉജ്ജ്വല പരിസമാപ്തി. മനുഷ്യരെ തേടി തെരുവിലിറങ്ങിയ ജനനേതാവിനെ മുന്നില്‍നിര്‍ത്തി നാടൊന്നാകെ നടന്നു. ക്രമേണ അത് മാനവസഞ്ചയമായി. ഒഴുകിയൊഴുകി, പിന്നീടത് മഹാസമുദ്രമായി മലയാളത്തിന്റെ തലസ്ഥാനത്ത് സംഗമിച്ചു. ഒരു പുരുഷായുസ്സ് മുഴുവന്‍ സ്നേഹത്തിന്റെ ഇടപെടലുകള്‍ക്ക് വിനിയോഗിച്ച മഹാമനീഷി മനുഷ്യന്‍ മനുഷ്യരോടൊപ്പമുണ്ടോ എന്ന ചോദ്യമുയര്‍ത്തി നാടിന്റെ ഹൃദയഭൂമിയിലൂടെ കടന്നുവന്നപ്പോള്‍ ആ യാത്രയെ മത- രാഷ്ട്രീയ മതിലുകള്‍ക്കപ്പുറം ജനത വാരിപ്പുണര്‍ന്നു.

16 ദിവസം കേരളം കണ്ട മനോഹര ചിത്രത്തിന്റെ പരിച്ഛേദമായിരുന്നു ഇന്നലെ തലസ്ഥാനത്ത്. പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ മഹാവിപ്ലവം തീര്‍ത്തുകൊണ്ടാണ് നാടൊന്നാകെ തിരുവനന്തപുരത്തേക്ക് എത്തിയത്. മഹാസംഗമത്തിന്റെ തലേ ദിവസം മുതല്‍ തന്നെ ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു.

ഇന്നലെ ഉച്ചയായപ്പോഴേക്ക് പുത്തരിക്കണ്ടം മൈതാനം നിറഞ്ഞുകവിഞ്ഞു. തലസ്ഥാന നഗരിയാകെ പ്രസ്ഥാനത്തിന്റെ കൊടിതോരണങ്ങള്‍ കൊണ്ട് അലംകൃതമായി. ക്ഷേത്രവും പള്ളിയും ചര്‍ച്ചും തൊട്ടുരുമ്മി കഥപറയുന്ന പാളയത്ത് നിന്നാണ് ചരിത്ര യാത്രയോടനുബന്ധിച്ചുള്ള റാലിക്ക് സമാരംഭമായത്. വിവിധ ജില്ലകളില്‍ കേരളയാത്രയെ മനോഹരമാക്കിത്തീര്‍ത്ത സെന്റിനറി ഗാര്‍ഡുകളുടെ സംഗമം കൂടിയായിരുന്നു തിരുവനന്തപുരത്ത്. അയ്യായിരത്തിലധികം ഗാര്‍ഡുകളുടെ അകമ്പടിയോടെയാണ് കേരളയാത്ര ചരിത്രവേദിയായ താജുല്‍ ഉലമ നഗറിലേക്ക് നീങ്ങിയത്. നിയമസഭാ മന്ദിരത്തെ സാക്ഷിയാക്കി വൈകിട്ട് 3.30 ഓടെ ആരംഭിച്ച റാലി രണ്ടര മണിക്കൂര്‍ അനന്തപുരിയെ വിസ്മയിപ്പിച്ചു. റാലിയെ ആശീര്‍വദിക്കാന്‍ റോഡിന് ഇരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി. യാത്രാനായകന്‍ വേദിയിലെത്തിയതോടെ ആവേശം അലതല്ലി.

കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം ഒന്നിന് കാസര്‍കോട് നിന്ന് തുടക്കം കുറിച്ച കേരളയാത്ര നീലഗിരിയുടെ താഴ്വാരങ്ങളില്‍ സ്നേഹയാത്ര കൂടി നടത്തിയശേഷമാണ് തിരുവനന്തപുരത്തേക്ക് എത്തിയത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെയും ഉപനായകരായ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവരുടെയും നേതൃത്വത്തില്‍ കടന്നുവന്ന കേരളയാത്ര അക്ഷരാര്‍ഥത്തില്‍ നാടിന്റെ പൊതുമണ്ഡലത്തെ ഇളക്കിമറിച്ചു.

നിര്‍മിതബുദ്ധി (എ ഐ) മുതല്‍ കൃഷി വരെയും റോഡ് ഗതാഗതം മുതല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വരെയുമുളള സകലതും ചര്‍ച്ച ചെയ്ത് മുന്നേറിയ യാത്രയെ ആശ്ലേഷിച്ചു കൊടി വീശിയവരില്‍ എല്ലാവരുമുണ്ടായിരുന്നു. ളോഹയും കാഷായവസ്ത്രവും കന്തുറയും അണിഞ്ഞവര്‍ തോളോട് തോളുരുമ്മി യാത്രയോടൊപ്പം ചേര്‍ന്നു.

സമാപന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിശിഷ്ടാതിഥിയായി. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രസംഗിച്ചു. വികസനരേഖ കാന്തപുരം മുഖ്യമന്ത്രിക്ക് കൈമാറി.

കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ (ഐ സി എഫ്) രിഫാഈ കെയര്‍ പദ്ധതി മുഖ്യമന്ത്രിയും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിതരായ ആയിരം കുഞ്ഞുങ്ങള്‍ക്ക് ഒരു വര്‍ഷം മുപ്പതിനായിരം രൂപ വീതം ലഭിക്കുന്ന പദ്ധതിയാണിത്. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍, എം പിമാരായ ശശി തരൂര്‍, എ എ റഹീം, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, മാത്യൂ മാര്‍ സില്‍വാല്‍വാനിയോസ് എപ്പിസ്‌കോപ, ഗുരുരത്നം ജ്ഞാനതപസ്വി, എന്‍ അലി അബ്ദുല്ല, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് മുനീര്‍ അഹ്ദല്‍, നിസാര്‍ സഖാഫി ഒമാന്‍, എ സൈഫുദ്ദീന്‍ ഹാജി, മുസ്ത്വഫ കൂടല്ലൂര്‍ സംബന്ധിച്ചു.

സെന്റിനറി ഗാര്‍ഡിന് കാന്തപുരം ഉസ്താദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള യാത്ര കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.