Connect with us

From the print

കാന്തപുരം മതേതരത്വത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി

മതേതരത്വത്തിന്റെ കാവലാളായ കാന്തപുരം മുന്പ് നടത്തിയ രണ്ട് കേരളയാത്രകളും സമൂഹത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മതത്തിന്റെ ശരിയായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ 90 കടന്ന ഈ വലിയ മനുഷ്യന്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

Published

|

Last Updated

സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

തിരുവനന്തപുരം | കേരളത്തിലെ മതനിരപേക്ഷ സമൂഹത്തെ കരുത്തുറ്റതാക്കുന്നതില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സുപ്രധാന പങ്കുവഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തിന്റെ കാവലാളായ കാന്തപുരം മുന്പ് നടത്തിയ രണ്ട് കേരളയാത്രകളും സമൂഹത്തിന്റെ ഐക്യത്തിന് ഊര്‍ജം പകരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഈ കേരളയാത്രയുടെ സന്ദേശം കാലോചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരെ വേര്‍തിരിച്ച് അകറ്റിനിര്‍ത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ചില ശക്തികള്‍ മത തത്വങ്ങളെ ദുഷ്ടലാക്കിലൂടെ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. മതത്തിന്റെ ശരിയായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ 90 കടന്ന ഈ വലിയ മനുഷ്യന്‍ നടത്തുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിലടക്കം ന്യുനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു. ന്യുനപക്ഷങ്ങളുടെയും ദളിതരുടെയും വാസസ്ഥലങ്ങള്‍ക്കുമേല്‍ ബുള്‍ഡോസര്‍ പ്രയോഗിക്കുന്നു. ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദം ഉയര്‍ത്തുന്നു. വഖ്ഫ് നിയമം തകര്‍ക്കുന്നു. ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ട് മുത്വലാഖ്, പൗരത്വ നിയമങ്ങള്‍ കൊണ്ടുവരുന്നു.

വര്‍ഗീയ കലാപങ്ങളും മരണങ്ങളും പതിവായിരുന്ന കേരളത്തില്‍ ഇപ്പോള്‍ അവയില്ല. സര്‍ക്കാര്‍ നിലപാടുകളാണ് കലാപമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റിയത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ അല്ലെങ്കിലും ചില സംഘടനാപരമായ പ്രശ്നങ്ങളില്‍ കൊലപാതകങ്ങള്‍ നടന്നത് ഓര്‍ക്കുന്നുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യം ചില വിഭാഗങ്ങള്‍ക്ക് ലഭിക്കാന്‍ ചിലര്‍ അധികാരത്തില്‍ വേണമെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.