Uae
ഡൽഹി ലോക പുസ്തകമേളയിൽ തിളങ്ങി ഷാർജ; ഏഷ്യൻ വിപണിയിലേക്ക് പാലം പണിതു
മേളക്കിടെ പ്രമുഖ ഇന്ത്യൻ സാംസ്‌കാരിക - വിജ്ഞാന സ്ഥാപനങ്ങളുമായും പ്രസാധകരുമായും എസ് ബി എ പ്രതിനിധികൾ നിരവധി കൂടിക്കാഴ്ചകൾ നടത്തി
ഷാർജ|ന്യൂഡൽഹി ലോക പുസ്തകമേളയിൽ ഷാർജ ബുക്ക് അതോറിറ്റി (എസ് ബി എ) നടത്തിയ പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടമായെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ പ്രസിദ്ധീകരണ-വിജ്ഞാന വ്യവസായ മേഖലയുമായി പുതിയ സഹകരണത്തിന് ഈ സന്ദർശനം വഴിയൊരുക്കിയതായി ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹ്‌മദ് റഖദ് അൽ ആമിരി പറഞ്ഞു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ അറബ് സംസ്‌കാരത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെട്ടത്.
ജനുവരി 10 മുതൽ 18 വരെ ഡൽഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലായിരുന്നു പുസ്തകമേള നടന്നത്. ആഗോള സാംസ്‌കാരിക രംഗത്ത് ഷാർജയുടെ സ്വാധീനം വർധിപ്പിക്കുന്നതിനും അറബ് പ്രസാധകരെ അന്താരാഷ്ട്ര തലത്തിൽ ശാക്തീകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു ഈ പങ്കാളിത്തം.
മേളക്കിടെ പ്രമുഖ ഇന്ത്യൻ സാംസ്‌കാരിക – വിജ്ഞാന സ്ഥാപനങ്ങളുമായും പ്രസാധകരുമായും എസ് ബി എ പ്രതിനിധികൾ നിരവധി കൂടിക്കാഴ്ചകൾ നടത്തി. വിജ്ഞാന വിനിമയത്തിലും അറിവിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഷാർജ സജീവ പങ്കാളിയായി തുടരുമെന്ന് അൽ ആമിരി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ഇന്ത്യൻ പ്രസാധകരുടെ വലിയ പങ്കാളിത്തം ഉറപ്പാക്കാനും ഈ ചർച്ചകൾ സഹായിക്കും.





