Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്തു
കൊല്ലം വിജിലന്‍സ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും റിമാന്‍ഡ് ചെയ്ത് കൊല്ലം വിജിലന്‍സ് കോടതി. കൊല്ലം വിജിലന്‍സ് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വാസുവിനെ വിജിലന്‍സ് കോടതി മുന്‍പാകെ ഹാജരാക്കിയത്. വാസുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് വിട്ടത്.
തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ മുന്നിലെത്തും. എസ്‌ഐടി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തെറ്റാണ്. അതിവിചിത്രമായ വാദങ്ങളാണ് എസ്‌ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നത്.
അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിജിലന്‍സ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി സമര്‍പ്പിച്ചത്. ജാമ്യഹരജി പരിഗണിച്ച കൊല്ലം വിജിലന്‍സ് കോടതി നാളെ വിധി പറയാനായി മാറ്റിയിരിക്കുകയാണ്. നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ചിരുന്ന രണ്ട് ജാമ്യപേക്ഷകളും കോടതി തള്ളിയിരുന്നു.



