Kerala
കൊല്ലത്ത് പിതൃസഹോദരനെ ആക്രമിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഏഴ് പേര്‍ അറസ്റ്റില്‍
പോലീസ് പറഞ്ഞതു പ്രകാരം സജിത്തും സഹോദരനും മടങ്ങാന്‍ ഒരുങ്ങവെ വീടിനു സമീപം വടക്കടത്ത് ഏലാ ചങ്ങാതി മുക്ക്‌റോഡില്‍ വെച്ച് പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു
കൊല്ലം | കേരളപുരത്ത് പിതാവിന്റെ സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കേരളപുരം മുണ്ടന്‍ചിറ മാടന്‍കാവിനു സമീപം ജിതേഷ് ഭവനത്തില്‍ സജീവിന്റെയും ഷീലയുടെയും മകന്‍ സജിത്ത്(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുമ്പന ആയുര്‍വേദ ആശുപത്രിക്ക് സമീപം അനുജാഭവനില്‍ അനന്തു ആനന്ദന്‍ (29), വര്‍ക്കല പനയറ സനോജ്ഭവനില്‍ പ്രസാദ് (46), നെടുമ്പന ആയുര്‍വേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനില്‍ സുനില്‍രാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനില്‍ ഷൈജു (40), ഇടപ്പനയം ബിബി സദനത്തില്‍ ബൈജു (42), ഇടപ്പനയം, അതുല്‍നിവാസില്‍ അതുല്‍ രാമചന്ദ്രന്‍ (27), സഹോദരന്‍ അഖില്‍ രാമചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.കണ്ടാലറിയാവുന്ന മറ്റൊരാളും പ്രതിപ്പട്ടികയിലുണ്ട്.
ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സജിത്തിന്റെ അച്ഛന്റെ സഹോദരന്‍ പവിത്രന്‍ അയല്‍വാസിയായ ഷൈജുവുമായി തര്‍ക്കമുണ്ടായതറിഞ്ഞാണ് സജിത്ത്, സഹോദരന്‍ സുജിത്, അയല്‍വാസി അശ്വിന്‍ എന്നിവര്‍ക്കൊപ്പം കേരളപുരത്തുള്ള പവിത്രന്റെ വീട്ടിലെത്തിയത്.
സംഘര്‍ഷമുണ്ടായതോടെ പവിത്രന്‍ കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയും പോലീസ് സ്ഥലത്തെത്തി തര്‍ക്കം പരിഹരിച്ച് മടങ്ങുകയും ചെയ്തു. പോലീസ് പറഞ്ഞതു പ്രകാരം സജിത്തും സഹോദരനും മടങ്ങാന്‍ ഒരുങ്ങവെ വീടിനു സമീപം വടക്കടത്ത് ഏലാ ചങ്ങാതി മുക്ക്‌റോഡില്‍ വെച്ച് പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. വെട്ടിയും കുത്തിയുമാണ് സജിത്തിനെ കൊലപ്പെടുത്തിയത്.





