Connect with us

Kerala

ദീപക്കിന്റെ മരണത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; ഒരാഴ്ചക്കകം ഡിഐജി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു

ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Published

|

Last Updated

കോഴിക്കോട്| ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോക്കു പിന്നാലെ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് മാനസികമായി തകര്‍ന്നെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അഡ്വ. വി ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.

യുവതിയുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടികളുമായി രാഹുല്‍ ഈശ്വറും രംഗത്തെത്തി. ദീപക്കിന്റെ മരണത്തിന് കാരണമായ വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. ദീപക്കിന്റെ കുടുംബത്തിന് പൂര്‍ണ്ണമായ നിയമസഹായവും സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് രാഹുല്‍ പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.മെന്‍സ് കമ്മീഷന്‍ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ദീപക്കിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ടീം രാഹുല്‍ ഈശ്വര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

---- facebook comment plugin here -----

Latest