Connect with us

Kerala

കാസര്‍കോട് അഭിഭാഷകയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; 29 പവന്‍ സ്വര്‍ണവും കാല്‍ലക്ഷത്തിന്റെ വെള്ളിയും കവര്‍ന്നു

കുടുംബം വീടുപൂട്ടി ക്ഷേത്രോത്സവത്തിന് പോയ സമയത്താണ് കവര്‍ച്ച

Published

|

Last Updated

കാസര്‍കോട്|കാസര്‍കോട് കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. കാസര്‍കോട് ബാറിലെ അഭിഭാഷകയായ ചൈത്രയുടെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്. 29 പവന്‍ സ്വര്‍ണവും കാല്‍ലക്ഷത്തിന്റെ വെള്ളിയും 5000 രൂപയുമാണ് മോഷണം പോയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഞായറാഴ്ച വൈകുന്നേരം ആറരയ്ക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് സംഭവം.

ചൈത്രയും കുടുംബവും വീടുപൂട്ടി കണിപുര ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് പോയ സമയത്തായിരുന്നു കവര്‍ച്ച. രാത്രി എട്ടുമണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. നെക്ലേസ്, വളകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റ്, വലിയ മാല, കമ്മല്‍, കുട്ടികളുടെ മാല, സ്വര്‍ണവള, കല്ലുവെച്ച മാല എന്നിവയാണ് നഷ്ടപ്പെട്ടത്. 35 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

---- facebook comment plugin here -----

Latest