Ongoing News
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ഷാര്‍ജ രണ്ടാമത്; റാഡിക്കല്‍ സ്റ്റോറേജ് റിപോര്‍ട്ട് പുറത്തിറക്കി
ട്രാവല്‍ ആന്‍ഡ് ടൂറിസം ഡാറ്റ വെബ്‌സൈറ്റായ റാഡിക്കല്‍ സ്റ്റോറേജ് ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. പോളണ്ടിലെ ക്രാക്കോവ് ആണ് പട്ടികയില്‍ ഒന്നാമത്.
ഷാര്‍ജ | ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഷാര്‍ജ രണ്ടാം സ്ഥാനത്ത്. ട്രാവല്‍ ആന്‍ഡ് ടൂറിസം ഡാറ്റ വെബ്‌സൈറ്റായ റാഡിക്കല്‍ സ്റ്റോറേജ് ആണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. ഗൂഗിള്‍ വഴി സന്ദര്‍ശകര്‍ നല്‍കിയ പതിനായിരക്കണക്കിന് അവലോകനങ്ങള്‍ വിശകലനം ചെയ്താണ് റാങ്കിംഗ് തയ്യാറാക്കിയത്. തെരുവുകളുടെയും പൊതു സൗകര്യങ്ങളുടെയും ശുചിത്വത്തില്‍ ഷാര്‍ജ 98 ശതമാനം പോസിറ്റീവ് റേറ്റിംഗ് നേടി. പോളണ്ടിലെ ക്രാക്കോവ് ആണ് പട്ടികയില്‍ ഒന്നാമത് (98.5 ശതമാനം). സിംഗപ്പൂര്‍ (97.9 ശതമാനം) മൂന്നാം സ്ഥാനത്തും പോളണ്ടിലെ വാര്‍സോ (97.8 ശതമാനം) നാലാം സ്ഥാനത്തും ദോഹ (97.4 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്.
യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ മികച്ച 100 ആഗോള ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലുള്ള നഗരങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള 70,000 ഡിജിറ്റല്‍ അവലോകനങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. ക്ലീന്‍, ഡേര്‍ട്ടി തുടങ്ങിയ വാക്കുകളുടെ ഉപയോഗം അടിസ്ഥാനമാക്കിയാണ് അവലോകനങ്ങള്‍ തരംതിരിച്ചത്. നിയമലംഘനങ്ങള്‍ക്കെതിരെയുള്ള കര്‍ശന നിയന്ത്രണം, ആധുനിക ശുചീകരണ ഉപകരണങ്ങളിലെ നിക്ഷേപം, മാലിന്യ സംസ്‌കരണം, സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം എന്നിവയാണ് ഷാര്‍ജയുടെ നേട്ടത്തിന് കാരണം.
വിനോദസഞ്ചാര അനുഭവത്തില്‍ ശുചിത്വം ഇപ്പോള്‍ ഒരു പ്രധാന ഘടകമാണെന്നും നിക്ഷേപങ്ങളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.





