Connect with us

Ongoing News

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകര്‍ത്ത് ഷാര്‍ജ പോലീസ്; ഏഴുപേര്‍ പിടിയില്‍

131 കിലോഗ്രാം മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു.

Published

|

Last Updated

ഷാര്‍ജ | കാനഡ, സ്പെയിന്‍, യു എ ഇ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല ഷാര്‍ജ പോലീസ് തകര്‍ത്തു. സൂക്ഷ്മമായ നീക്കത്തിലൂടെ 131 കിലോഗ്രാം മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളുമായി ഏഴ് പേരെ അറസ്റ്റ് ചെയ്തു.

പിടികൂടിയവരില്‍ ഒരാള്‍ ഭാര്യയെയും കുട്ടികളെയും മറയാക്കി മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടയാളാണ്. പ്രാദേശിക തുറമുഖങ്ങള്‍ വഴിയാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇതുസംബന്ധമായ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യ സംഘങ്ങള്‍ ഇയാളുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. കനഡയിലെ ടൊറന്റോ, സ്പെയിനിലെ മലാഗ, യു എ ഇ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കാര്‍ സ്പെയര്‍ പാര്‍ട്സുകളാണെന്ന് തെറ്റായി രേഖപ്പെടുത്തിയ കണ്ടെയ്നറില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രാദേശികമായി മയക്കുമരുന്ന് വിതരണം ചെയ്ത അഞ്ച് ഏഷ്യന്‍ വംശജരെയും അറസ്റ്റ് ചെയ്തു. നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കാന്‍ ജി പി എസ് ടാഗ് ചെയ്ത സ്ഥലങ്ങളാണ് ഈ സംഘം ഉപയോഗിച്ചിരുന്നത്.

ഷാര്‍ജ പോലീസ് പിടിച്ചെടുത്തവയില്‍ 131 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് മരുന്നുകളും 9,945 മയക്കുമരുന്ന് കാപ്സ്യൂളുകളും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ഒളിപ്പിക്കല്‍ ഉപകരണങ്ങളും ട്രാക്കിംഗ് ഉപകരണങ്ങളും ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഏഴ് പ്രതികളെയും പ്രോസിക്യൂഷന് കൈമാറി. വിദേശത്തുള്ള കൂടുതല്‍ ആളുകളെ പിടികൂടാനായി അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഷാര്‍ജയിലെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസം അറിയിച്ചു.

ഫെഡറല്‍ ആന്റി-നാര്‍ക്കോട്ടിക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേ. അബ്ദുര്‍റഹ്മാന്‍ അല്‍ ഉവൈസ് ഈ കേസില്‍ നടത്തിയ ഇടപെടലിനെ പ്രശംസിച്ചു. കുടുംബത്തോടൊപ്പം പതിവായി രാജ്യം സന്ദര്‍ശിക്കുന്ന ഒരു അറബ് വംശജനെ നിരീക്ഷിച്ചതിലൂടെയാണ് അന്വേഷണത്തിന് തുടക്കമായത്. അയാളുടെ നീക്കങ്ങളും രാജ്യത്തിനകത്തുള്ള മറ്റ് കണ്ണികളുമായി നടത്തിയ കൂടിക്കാഴ്ചകളും മനസ്സിലാക്കിയതോടെയാണ് അന്വേഷണ നടപടികള്‍ ലക്ഷ്യത്തിലെത്തിയത്.

 

Latest