Connect with us

Articles

ശാന്തിഭൂഷണും ഭരണഘടനാ പോരാട്ടങ്ങളും

നിയമജ്ഞനായ പിതാവിൻ്റെ നീതിയോടുള്ള പ്രതിബദ്ധത ഒട്ടും കുറയാതെ സൂക്ഷിച്ചിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷണ്‍. നിയമ, നീതിന്യായ മേഖലകളിലെ ആക്ടിവിസ്റ്റുകള്‍ക്ക് പ്രധാനമെന്ന് തോന്നാത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പദവിയില്‍ അനീതിയുടെ അംശം കാണ്‍കെ തൻ്റെ പ്രായാധിക്യത്തിലും ജുഡീഷ്യല്‍ ആക്ടിവിസം കനപ്പിച്ച നീതിബോധമായിരുന്നു ശാന്തിഭൂഷണിൻ്റെത്.

Published

|

Last Updated

യുദ്ധവും പലായനങ്ങളും തീര്‍ത്ത അരക്ഷിത ലോകം തുടര്‍ന്ന് സാമ്പത്തിക മാന്ദ്യത്തിലേക്കും പട്ടിണിയിലേക്കും സഞ്ചരിക്കുന്നതിൻ്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയ കാലസന്ധിയില്‍ 1925 നവംബര്‍ 11ന് പിറന്ന തൻ്റെ കുഞ്ഞിന് സമാധാനം എന്ന അര്‍ഥം പ്രദാനം ചെയ്യുന്ന ശാന്തിയെന്ന പേര് നല്‍കാന്‍ മാത്രം സാമൂഹിക ബോധവും ലോകവീക്ഷണവും നൈതിക ബോധവുമുണ്ടായിരുന്നു വിശ്വാമിത്രക്ക്. ഒന്നാം ലോക മഹായുദ്ധത്തിന് വിരാമമിട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടന്നതിൻ്റെ ഓര്‍മയായിരുന്നു നവംബര്‍ പതിനൊന്ന്. നീതിക്ക് വേണ്ടി നിരന്തരം കലഹിച്ചിരുന്ന നിയമജ്ഞനായ പിതാവിൻ്റെ സമാധാന ദാഹവും നീതിയോടുള്ള പ്രതിബദ്ധതയും ഒട്ടും കുറയാതെ സൂക്ഷിച്ചിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന ശാന്തി ഭൂഷണ്‍. നിയമ, നീതിന്യായ മേഖലകളിലെ ആക്ടിവിസ്റ്റുകള്‍ക്ക് പ്രധാനമെന്ന് തോന്നാത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ പദവിയില്‍ അനീതിയുടെ അംശം കാണ്‍കെ തൻ്റെ പ്രായാധിക്യത്തിലും ജുഡീഷ്യല്‍ ആക്ടിവിസം കനപ്പിച്ച നീതിബോധമായിരുന്നു ശാന്തിഭൂഷണിൻ്റെത്.

ഇന്ത്യന്‍ രാഷ്ട്രീയ നീതിന്യായ ചരിത്രത്തിലെ നിര്‍ണായക ഒരേടായിരുന്നു അടിയന്തരാവസ്ഥയും അനുബന്ധ നിയമ പോരാട്ടങ്ങളും. അക്കാലത്തെ ഭരണഘടനയോടുള്ള പ്രതിബദ്ധത കൊണ്ടും നീതിനിഷ്ഠ കൊണ്ടും രാജ്യം അനുഭവിച്ച അതുല്യ നിയമ സാരഥ്യങ്ങളിലൊന്നാണ് ശാന്തിഭൂഷണ്‍. ഇന്ദിരാ ഗാന്ധിയുടെ റായ്ബറേലിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ അവര്‍ക്ക് കോടതി കയറേണ്ടി വന്നപ്പോള്‍ എതിര്‍ വിസ്താരം നടത്തി പേരെടുത്തു ശാന്തിഭൂഷണ്‍.

1971ലെ തിരഞ്ഞെടുപ്പ് കേസായിരുന്നല്ലോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കടുംകൈ സ്വീകരിക്കുന്നതിലേക്ക് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ നയിച്ചത്. ഔദ്യോഗിക സംവിധാനങ്ങളെ തൻ്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ദുര്‍വിനിയോഗം ചെയ്യുക വഴി അഴിമതി നടത്തി, സര്‍ക്കാര്‍ ഗസറ്റഡ് ഓഫീസറെ തിരഞ്ഞെടുപ്പ് ഏജൻ്റാക്കി എന്നിവയായിരുന്നു ഇന്ദിരാ ഗാന്ധിക്കെതിരെ മുഖ്യമായും ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(7) വകുപ്പ് പ്രശ്‌നവത്കരിക്കുന്ന കുറ്റകൃത്യങ്ങളാണവ. റായ്ബറേലിയില്‍ ഇന്ദിരാ ഗാന്ധിയുടെ പ്രധാന എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണ്‍ അലഹബാദ് ഹൈക്കോടതിയിലെ കേസ് ഏറ്റെടുക്കാന്‍ ക്ഷണിച്ചത് ശാന്തി ഭൂഷണെയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചാണ് ഭാഗികമായ സ്റ്റേ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി സമ്പാദിച്ചത്.

തിരഞ്ഞെടുപ്പ് കേസിൻ്റെ അനുബന്ധ അപ്പീലില്‍ സുപ്രീം കോടതി അഞ്ചംഗ ബഞ്ചിന് മുമ്പാകെ ശാന്തിഭൂഷണ്‍ നടത്തിയ വാദമുഖങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ഭേദഗതി ചെയ്യപ്പെടാന്‍ പറ്റാത്ത വിധം ഭരണഘടനയുടെ മൗലിക ഘടന എന്താണെന്ന് അഞ്ചംഗ സുപ്രീം കോടതി ബഞ്ചിൻ്റെ അധ്യക്ഷനായിരുന്ന ചീഫ് ജസ്റ്റിസ് എ എന്‍ റേ വിചാരണക്കിടെ ശാന്തിഭൂഷണോട് ഒരുവേള ചോദിച്ചു. ഭരണഘടനയുടെ 368ാം അനുഛേദ പ്രകാരം ഭരണഘടനാ ഭേദഗതിക്കുള്ള പാര്‍ലിമെൻ്റിൻ്റെ അധികാരം അത് ഭേദഗതി വരുത്താന്‍ മാത്രമുള്ളതാണ്. ഭരണഘടന തന്നെ മാറ്റി മറ്റൊന്ന് സ്ഥാപിക്കുന്നത് അതില്‍ ഉള്‍പ്പെടില്ല. ഭരണഘടനക്ക് സവിശേഷ അസ്തിത്വം നല്‍കുന്ന വകുപ്പുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെടുമ്പോള്‍ മൊത്തത്തില്‍ അത് മറ്റൊരു ഭരണഘടനയായി മാറും. ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള ഒരു ഭേദഗതി വഴി ഭരണഘടന സ്വേഛാധിപത്യ ഭരണഘടനയായി മാറുകയും ഒരു ഏകാധിപതി നാമനിര്‍ദേശം ചെയ്യപ്പെടുകയും അയാള്‍ക്ക് തൻ്റെ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്താല്‍ അത് ഇന്ത്യയുടെ ഭേദഗതി ചെയ്യപ്പെട്ട ഭരണഘടനയായി കണക്കാക്കാനാകില്ല. പൂര്‍ണമായും പുതിയ ഭരണഘടനയായി പരിഗണിക്കും. ഉപരാഷ്ട്രപതി മുതല്‍ കേന്ദ്ര മന്ത്രി വരെയുള്ളവര്‍ ഭരണഘടനയുടെ മൗലിക ഘടനയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീം കോടതിയില്‍ ശാന്തി ഭൂഷണ്‍ ഭരണഘടനയുടെ മൗലിക ഘടനയുടെ പ്രാധാന്യത്തിലൂന്നി നടത്തിയ മേല്‍ വിശകലനങ്ങള്‍ സമഗ്രമാണെന്ന് പറയാം.

ഇപ്പോഴത്തെ ഭരണകൂടം എന്തുകൊണ്ടാകും ജുഡീഷ്യറിക്കെതിരെയുള്ള വിമര്‍ശങ്ങള്‍ ഒരു ഘട്ടത്തില്‍ ഭരണഘടനയുടെ മൗലിക ഘടനയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് അടിയന്തരാവസ്ഥയുടെ പടിവാതിലില്‍ ശാന്തിഭൂഷണ്‍ നടത്തിയ പ്രസ്താവിത വിശദീകരണത്തേക്കാള്‍ മികച്ച മറ്റൊരു മറുപടി ഉണ്ടാകാന്‍ തരമില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകള്‍ ഭേദഗതി ചെയ്യപ്പെട്ടാല്‍ അത് മറ്റൊരു ഭരണഘടനയായി മാറും. പാര്‍ലിമെൻ്റിൻ്റെ ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം ഭരണഘടനയുടെ മൗലിക ഘടനയില്‍ തട്ടിനില്‍ക്കുന്നതിലെ ഭരണകൂട ക്ഷോഭം ജനാധിപത്യപരവും മതനിരപേക്ഷവുമല്ലാത്ത മറ്റൊരു ഭരണഘടനയിലേക്കുള്ള വഴിയിലെ വിഘ്‌നങ്ങളെ പ്രതി അരിശം കൊള്ളുന്നതാണെന്ന് വേണം മനസ്സിലാക്കാന്‍. അതങ്ങനെ തന്നെ മുന്‍കൂട്ടി കണ്ടു പ്രഗത്ഭ നിയമജ്ഞനായ ശാന്തി ഭൂഷണ്‍ എന്നത് അദ്ദേഹത്തിൻ്റെ ഓര്‍മകളെ അനശ്വരമാക്കുന്നുണ്ട്.

മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ കേന്ദ്ര നിയമ മന്ത്രിയായി പ്രവര്‍ത്തിച്ചതിന് ശേഷം 1980ല്‍ സെൻ്റര്‍ ഫോര്‍ പബ്ലിക് ഇൻ്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന പേരില്‍ എന്‍ ജി ഒ സ്ഥാപിച്ച ശാന്തിഭൂഷണ്‍ വലിയ നിലയിലുള്ള ജുഡീഷ്യല്‍ ആക്ടിവിസത്തിന് കാര്‍മികനാകുകയായിരുന്നു. പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ മകന്‍ പ്രശാന്ത് ഭൂഷണുമായി ചേര്‍ന്ന് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് ജുഡീഷ്യല്‍ റിഫോം(സി ജെ എ ആര്‍) എന്ന ഇനീഷ്യേറ്റീവും ശാന്തി ഭൂഷണിൻ്റെ നേതൃത്വത്തില്‍ നടന്നു. ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനക്ക് നേരേ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്ത് ഭരണഘടനാപരതക്ക് വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ശാന്തിഭൂഷണ്‍ വിടപറയുമ്പോള്‍ അതൊരു വലിയ നഷ്ടമാണ്.

Latest