Connect with us

shaji kiran revelation

സ്വപ്‌നയുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ഷാജി കിരണ്‍; ആരുടെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടില്ല

ആരുടെയെങ്കിലും ദല്ലാളായോ ഇടനിലക്കാരനായോ സ്വപ്നയെ സമീപിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷാജി കിരണ്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി | സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയിലെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി ഷാജി കിരണ്‍. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചെന്നും മൊഴി പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തിയതായി സ്വപ്‌നയുടെ ഹരജിയില്‍ പറഞ്ഞിരുന്നു. താന്‍ ആരുടെയും ഇടനിലക്കാരനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് പരിചയമില്ലെന്നും ഷാജി കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊട്ടാരക്കര സ്വദേശിയായ ഷാജ് കിരണെന്ന ഷാജി കിരണ്‍ കൊച്ചിയിലാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. ആറ് വര്‍ഷം മുമ്പ് വരെ മാധ്യമപ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. സ്വപ്‌നയുമായി കഴിഞ്ഞ 50 ദിവസത്തെ മാത്രം പരിചയമാണുള്ളതെന്നും സ്ഥിരമായി തന്നെ ഫോണില്‍ വിളിക്കാറുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു.

കെ പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടര്‍ അല്ലെന്നും തന്റെ ഭാര്യ നേരത്തേ അവിടെ ജോലി ചെയ്തിരുന്നെന്നും അദ്ദേഹം പറഞ്ഞു. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും സഹായിക്കണമെന്നും സ്വപ്‌ന കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചത് പ്രകാരമാണ് പാലക്കാട്ടെത്തി അവരെ കണ്ടതെന്നും ഷാജി കിരണ്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് പോയി കണ്ടത്. തട്ടിക്കൊണ്ടുപോയെന്ന് കേട്ടപ്പോള്‍ ഓടിച്ചെല്ലുകയായിരുന്നു. സ്വപ്‌നയുടെ അമ്മയെയും മകനെയും സരിത്തിനെയും തനിക്കറിയാം. തന്റെ ഭാര്യയെയും പിതാവിനെയും അറിയാമെന്നും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഷാജി കിരണ്‍ പറഞ്ഞു.

ഉന്നതന്മാര്‍ക്കെതിരായ മൊഴി ആരുടെയെങ്കിലും പ്രേരണമൂലമാണോയെന്ന് സുഹൃത്തും മുന്‍ മാധ്യമപ്രവര്‍ത്തകനും എന്ന നിലയില്‍ സ്വപ്‌നയോട് ചോദിച്ചിരുന്നെന്നും ഷാജി പറഞ്ഞു. അപകടകരമായ ഒരവസ്ഥയിലാണ് നിങ്ങൾ അകപ്പെട്ടതെന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തത്തില്‍ ചെന്നുചാടരുതെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും സുഹൃത്തെന്ന നിലയില്‍ പറഞ്ഞിരുന്നു. ഇതല്ലാതെ ആരുടെയെങ്കിലും ദല്ലാളായോ ഇടനിലക്കാരനായോ സ്വപ്നയെ സമീപിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഷാജി കിരണ്‍ പറഞ്ഞു. സ്വപ്‌നയുടെ ഹരജിയിലെ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഷാജി കിരണ്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചത്. പിണറായിയുടെയും കോടിയേരിയുടെയും വിദേശത്തെ സ്വത്തുക്കളും മറ്റും ഷാജിയാണ് കൈകാര്യം ചെയ്യുന്നതെന്ന് സ്വപ്ന ഹരജിയിൽ ആരോപിച്ചിരുന്നു.

Latest