Ongoing News
യു എ ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ ഏക മലയാളിയായി ഷഫീന യൂസഫലി
രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാര്‍ത്തിയ യു എ ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്
ദുബൈ | യു എ ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ ഏക മലയാളിയായി ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ പാത പിന്തുടര്‍ന്ന് സംരംഭത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകള്‍ ഷഫീന യൂസഫലി.
രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാര്‍ത്തിയ യു എ ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയാണ് പുറത്തുവിട്ടത്.
റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി, ബിസിനസിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയായാണ്. കാലകാരന്‍മാര്‍ക്ക് പിന്തുണ നല്‍കിയാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗള്‍ഫിലെയും കാലകാരന്‍മാര്‍ക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങള്‍ ലഭ്യമാക്കിയുമാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവിന്റെ പ്രവര്‍ത്തനം. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭര്‍ത്താവ്.
അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി, യു കെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശായില്‍ നിന്ന് എം ബി എയും, കേംബ്രിഡ്ജ് സര്‍വ്വകലാശയില്‍ നിന്ന് ആര്‍ട്ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം, പി എച്ച് ഡിയും ചെയ്തുവരുന്നു.
ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍. യു എ ഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡല്‍ നാഷ്ണല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഖലീജ് ടൈംസിന്റെ ‘പവര്‍ വുമണ്‍’ പട്ടിക ദുബൈയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്താണ് പ്രകാശിപ്പിച്ചത്.




