Connect with us

Kerala

സന്ദീപ് വാര്യര്‍ക്ക് ഉന്നത പദവി നല്‍കുന്നതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ്

സന്ദീപ് വാര്യരുടെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ടെന്ന് എ ഐ സി സി മുന്‍ അംഗവും കെ കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയന്‍ പൂക്കാട്

Published

|

Last Updated

പാലക്കാട് | ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസ്സില്‍ എത്തിയ സന്ദീപ് വാര്യര്‍ക്ക് കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്.

കോണ്‍ഗ്രസിലേക്ക് വന്നെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോണ്‍ഗ്രസിനോട് വേണ്ടെന്ന് എ ഐ സി സി മുന്‍ അംഗവും കെ കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയന്‍ പൂക്കാട് തുറന്നടിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. നേതാക്കള്‍ക്ക് വിലയിട്ട് വാങ്ങാന്‍ ഇത് ബി ജെ പിയല്ല. ബി ജെ പിയുടെ രീതി പുറത്തു വെച്ചിട്ടു വേണം കോണ്‍ഗ്രസ്സിലേക്ക് കടക്കാനെന്നും സന്ദീപ് കുറച്ച് ഒതുക്കം കാണിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് ശക്തമായ നേതൃനിരയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളുടെ ആവശ്യം ഇല്ല. എന്നാല്‍, കോണ്‍ഗ്രസ് പ്രത്യയ ശാസ്ത്രത്തിലേക്ക് വരുന്നവരെ സംരക്ഷിക്കും. പക്ഷെ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ നിരവധി ചെറുപ്പക്കാര്‍ നിരന്നു നില്‍ക്കുന്നുണ്ടെന്നും വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിയമിക്കുമെന്ന സൂചന പുറത്തുവന്നതോടെയാണ് ഈ പ്രതികരണം.

പദവി സംബന്ധിച്ച തീരുമാനം വൈകരുതെന്നും സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചുവെന്ന വിവരമാണ് ചില നേതാക്കളെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എ ഐ സി സി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest