Connect with us

Story

രക്ഷ തേടി

അവൾ ഒരു ബസിൽ കയറിപ്പോകുന്നത് കവലയിൽ കണ്ട പലരുമുണ്ടത്രെ

Published

|

Last Updated

വീടിന്റെ പടികടന്നു വരുന്ന മകളെ നോക്കി അയാൾ ഉറക്കെ പറഞ്ഞു: “ദേ അവൾ വീണ്ടും വരുന്നുണ്ട്.’

കോലായിലെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന അച്ഛനെ ഇടങ്കണ്ണ് കൊണ്ട് നോക്കി അവൾ അകത്തു കയറി. ദോശ മറിച്ചിടുന്ന തവിയും പിടിച്ച് മുഖം വീർപ്പിച്ച് വരുന്ന അമ്മയോട് അവൾ പറഞ്ഞു, “ഞാനിനി അങ്ങോട്ട് പോണില്ല!’

“എന്ത്യേ പ്പം ണ്ടായേ …?!’

“കള്ളു കുടിച്ച് വന്നാൽ എന്നും തല്ലാ..!’
ചങ്കിൽ തറച്ച കണ്ണീർ വീഴുങ്ങി അവൾ പറഞ്ഞു.

“സാരല്യ, പലതും നമ്മൾ പെണ്ണുങ്ങൾ കണ്ണടയ്ക്കണം. അച്ഛനെ അറിയാലോ ?
രണ്ടു അറ്റാക്ക് കഴിഞ്ഞതാ… അച്ഛന്റെ പി എഫ് കൊണ്ടാ നിന്നെ അയച്ചത്.’
അമ്മ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

“വാ….. വല്ലതും കഴിക്കാം.’
അമ്മയുണ്ടാക്കിയ ദോശയും ചട്ണിയും ആർത്തിയോടെ കഴിച്ച് അവൾ ഒന്നു കിടന്നു.
ഉച്ചക്ക് ശേഷം അവൾ ഒറ്റക്കാണ് മടങ്ങിപ്പോയത്.

അച്ഛൻ സ്കൂട്ടറിൽ കൊണ്ടുവിടാമെന്ന് പറഞ്ഞിരുന്നു, വേണ്ടെന്ന് അവളാണ് പറഞ്ഞത്.
അവൾ പടികടന്നകന്നപ്പോൾ അവർ ദീർഘശ്വാസം വിട്ടു.

അശ്വതി എവിടെ എന്ന് ചോദിച്ച് രാത്രിയാണ് രമേശിന്റെ ഫോൺ വന്നത്.
അവൾ ഒരു ബസിൽ കയറിപ്പോകുന്നത് കവലയിൽ കണ്ട പലരുമുണ്ടത്രെ!

Latest