ആത്മായനം
ശരിയുടെ വഴി തേടൂ
വഴികൾ ഒരുപാടുണ്ട്. നാടണയേണ്ടത് ഏതു വഴിക്കെന്ന് ബോധ്യമില്ലെങ്കിൽ പിന്നെയെന്തു ചെയ്യാനാണ്? അപ്പോഴുണ്ടാകുന്ന വെപ്രാളം അതിഭീകരമാണ്. വഴിയെ കുറിച്ചുള്ള വല്ല തുമ്പും കിട്ടാൻ അവൻ തൊണ്ട പറിച്ചാർത്തു പോകും. നോക്കൂ, നിസ്്കാരങ്ങളിലും അല്ലാതെയും നമ്മൾ നിരന്തരം ചെയ്യാറുള്ള "ഋജുവായ പാതയിൽ എന്നെ നയിക്കണേ' എന്ന പ്രാർഥന നടുക്കടലിലെ ഭീതിയിൽ നിന്നുയരുന്നതല്ലേ?

കടലിലകപ്പെട്ടതാണ്. ചുറ്റും ഇരുട്ട് മൂടിയിരിക്കുന്നു. കരയിലേക്കുള്ള സമുദ്രപാത തിരിച്ചറിയാൻ കഴിയാതെ ഉലഞ്ഞുപോയ നാവികന്റെ ഗതികേടെന്തായിരിക്കും?
വഴികൾ ഒരുപാടുണ്ട്. നാടണയേണ്ടത് ഏതു വഴിക്കെന്ന് ബോധ്യമില്ലെങ്കിൽ പിന്നെയെന്തു ചെയ്യാനാണ്? അപ്പോഴുണ്ടാകുന്ന വെപ്രാളം അതിഭീകരമാണ്. വഴിയെ കുറിച്ചുള്ള വല്ല തുമ്പും കിട്ടാൻ അവൻ തൊണ്ട പറിച്ചാർത്തു പോകും. നോക്കൂ, നിസ്്കാരങ്ങളിലും അല്ലാതെയും നമ്മൾ നിരന്തരം ചെയ്യാറുള്ള “ഋജുവായ പാതയിൽ എന്നെ നയിക്കണേ’ എന്ന പ്രാർഥന നടുക്കടലിലെ ഭീതിയിൽ നിന്നുയരുന്നതല്ലേ?
സഞ്ചാരങ്ങൾക്കിടയിൽ പല വഴികൾക്കു മുമ്പിൽ നമ്മളേതോ ചുഴിയിലകപ്പെട്ടിരിക്കുന്നു. വെളിച്ചത്തിന്റെ നിറം മങ്ങിയ ഈ പാതയിൽ ഇനി നമ്മളെങ്ങോട്ടാണ് പോകേണ്ടത്? നിസ്സഹായാവസ്ഥയിൽ നിന്നാണ് നമ്മൾ വീണ്ടും വീണ്ടും ശരിയായ പാതയിലേക്ക് നയിക്കാൻ സ്രഷ്ടാവിനു മുമ്പിൽ യാചിച്ചു കൊണ്ടിരിക്കുന്നത്.
അല്ലാഹു നമുക്ക് വിശേഷബുദ്ധി നൽകിയെന്നത് ശരിയാണ്. അതേ തുടർന്ന് വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ടിട്ടുണ്ട്. അല്ലാഹു മനുഷ്യനെ വിശിഷ്ടമായി ആദരിച്ചതുകൊണ്ടാണ് ഈ സവിശേഷത ലഭിച്ചിരിക്കുന്നത് (നിശ്ചയമായും നാം ആദമിന്റെ സന്തതികളെ ആദരിച്ചിരിക്കുന്നു).
നമ്മളെങ്ങളെ വഴി തിരഞ്ഞെടുക്കും? തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകപ്പെട്ടുവെങ്കിൽ വഴികാട്ടിത്തരുന്ന വെളിച്ചം മുന്നിൽ വേണം. അനേകം വഴികളുള്ളതിൽ ഏതെന്ന് തെളിഞ്ഞ് കാണുന്ന വെളിച്ചം.ആ വെളിച്ചമാണ് ഈശ്വരീയതയുടെ ഭാഗമായി അല്ലാഹു കനിഞ്ഞു തരുന്ന ഹിദായത്ത്.അല്ലാഹു തആല ആകാശ ഭുവനങ്ങളുടെ പ്രകാശമാകുന്നു എന്ന് ഖുർആൻ പഠിപ്പിച്ചതാണല്ലോ?. അൽ ഹാദി – വഴികാട്ടിത്തരുന്നവൻ എന്നത് അല്ലാഹുവിന്റെ വിശേഷണവുമാണ്. അല്ലാഹു വഴികാട്ടിത്തരുന്നവനെ തെറ്റിക്കാൻ ഒരുത്തനുമില്ല. അതുപോലെ അവൻ വഴി കാണിക്കാത്തവന് വഴി കാണിക്കാനും ആരുമില്ലയെന്നതാണ് വസ്തുത.
എന്നാൽ ഏതിനുമെന്ന പോലെ മാർഗദർശനത്തിനും ആശ്രയിക്കാൻ നമുക്കുള്ളത് അല്ലാഹുവാണ്. അവനോട് അത് ചോദിക്കണം. നെഞ്ചകത്തു നിന്ന് പ്രാർഥനയായി അത് പുറത്തു വരണം. ഹിദായത്തിന്റെ വിതരണം നാല് രൂപത്തിൽ കാണാം (തഫ്സീർ ബൈളാവി കാണുക)
- നല്ലതിന്റെ തിരഞ്ഞെടുപ്പിന് പ്രാപ്തമായ ശേഷികൾ നൽകുക വഴി. ധിഷണാ ബോധവും പഞ്ചേന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമതയും അത്തരത്തിൽ ലഭ്യമായിട്ടുള്ളത്. ഹിദായത്ത് പ്രാപിക്കാനുള്ളതിന്റെ പ്രഥമ പടി അതിന്റെ ശരിയായ വിനിയോഗമാണെന്ന് പറയാമെങ്കിലും ഇതെല്ലാമുണ്ടായാലും മനുഷ്യന് തന്റെ വഴി തെറ്റും.
- നേരും നെറിയും തെറ്റും ശരിയും വേർതിരിച്ച് മനസ്സിലാക്കാൻ പാകത്തിലുള്ള വ്യവഛേദ പ്രമാണങ്ങൾ നൽകുക വഴി “രണ്ടു വഴികളേ അവർക്ക് അനാവൃതമാക്കി കൊടുത്തു’ എന്ന വിശുദ്ധ വാക്യം ഇതേ കുറിച്ചാണ് സൂചിപ്പിച്ചത്.സമൂദ് ഗോത്രത്തിന് ഹിദായത്ത് വെളിപ്പെടുത്തിയതിനേ കുറിച്ച് “സമൂദ് ജനതക്ക് നാം ശരിയായ വഴി കാണിച്ചു കൊടുത്തു; അവർ തിരഞ്ഞെടുത്തതോ? അന്ധതയെ ആവുന്നു’ എന്ന ഖുർആനിലെ സംഭവവും അതേ പ്രതിയുള്ളതാണ്.
- പ്രവാചകനിയോഗവും വേദങ്ങളും വഴി: സത്യ സന്ദേശങ്ങൾ വിതരണം ചെയ്യാനും ശരിയായ ഹിദായത്തിനെ ബോധ്യപ്പെടുത്താനും സാധിച്ചത് പ്രവാചകന്മാരുടെ നിയോഗത്തിലൂടെയാണ്. വേദഗ്രന്ഥങ്ങൾ പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ മാർഗരേഖകളാണ്. ദൈവിക നിർദേശങ്ങളെ ശരിയാംവണ്ണം ഉൾക്കൊള്ളാൻ പ്രാപ്തരാണ് മുർസലുകൾ. മനുഷ്യകുലത്തിന്റെ സാമൂഹിക സ്ഥിതിയും നിലവാരവും പരിഗണിച്ച് ഹിദായത്തിനെ അവർ വ്യക്തമാക്കി പറഞ്ഞുകൊടുത്തു. പിഴച്ചപാതകളെ കുറിച്ച് അവബോധം നൽകി. എന്നിരുന്നാലും നേരായ പാതയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ശക്തമായ ശ്രമങ്ങൾ മറുഭാഗത്ത് നിലയുറപ്പിച്ചിരുന്നു. മനുഷ്യോത്പത്തി മുതൽ പിശാചിന്റെ അനുയാത്ര തുടങ്ങിയതാണല്ലോ?
പിശാചിന്റെ നിലപാട് നേരെപ്പറയുന്നതിനു പകരം അല്ലാഹുവിന്റെ പേരിൽ അവിശുദ്ധ അവകാശവാദത്തിലൂടെയും വികല ഭക്തിയിലൂടെയും വഞ്ചനാപരമായ രീതിയാണ് പിശാച് പുലർത്തിയത്.ആദിമ മനുഷ്യൻ ആദം (അ)നെ സുന്ദരമായി കബളിപ്പിക്കാൻ പിശാച് പ്രയോഗിച്ചത് അത്തരമൊരു തന്ത്രമാണ്. ” അവൻ (അല്ലാഹുവിന്റെ പേരിൽ ) ആണയിട്ടു പറഞ്ഞു ഞാൻ നിങ്ങൾക്ക് ഗുണകാംക്ഷി തന്നെയാണ് ‘ (7/21 )ദീർഘകാലം പ്രവാചകക്കൊല മുഖ്യപദ്ധതിയായി കൊണ്ടു നടന്ന ജൂതന്മാർ പോലും അല്ലാഹുവിന്റെ പേരുപറഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്. “ജൂതരും നസാറാക്കളും പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സന്തതികളും അവന്റെ പ്രിയക്കാരുമാണ്’ എന്ന സൂക്തം ആ കാര്യം പറയുന്നു.മക്കാ മുശ്‌രിക്കുകൾ ശവം ഭക്ഷിക്കാറുണ്ടായിരുന്നു. അതേ കുറിച്ച് ചോദിച്ചാൽ നിങ്ങൾ ഭക്ഷിക്കുന്നത് നിങ്ങളറുത്തത് മാത്രമാണ്, ഞങ്ങൾ അല്ലാഹു അറുത്തതിനെ ഭക്ഷിക്കുന്നു എന്നാണവർക്ക് ന്യായീകരിക്കാനുണ്ടായിരുന്നത്. അബലരെയും അശരണരേയും സഹായിക്കാൻ അവരോട് പറഞ്ഞപ്പോൾ അവരുടെ പ്രതികരണമിങ്ങനെയായിരുന്നു “അല്ലാഹു ദരിദ്രരാക്കാൻ ഉദ്ദേശിക്കുന്നവരെ സമ്പന്നരാക്കാനാണോ നിങ്ങൾ മെനക്കെടുന്നത്?’ശവത്തീറ്റയെയും പിശുക്കിനെയും എത്ര ലളിതമായാണ് അല്ലാഹുവിന്റെ പേരുപറഞ്ഞ് വ്യാഖ്യാനിച്ചത് ?!സൂറത്തു യാസീനിൽ മറ്റൊരു രംഗമുണ്ട് “അല്ലാഹു നിങ്ങൾക്ക് നൽകിയ വിഭവങ്ങളിൽ നിന്നും നിങ്ങൾ ദാനം ചെയ്യൂ എന്ന് അവരോട് അഭ്യർഥിച്ചാൽ അവർ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഭക്ഷണം നൽകുമായിരുന്നവർക്ക്, നാം ഭക്ഷണം നൽകണമെന്നോ? നിങ്ങൾ വ്യക്തമായ മാർഗഭ്രംശത്തിൽ തന്നെയാണ്’.മറ്റൊരു ഭാഗത്ത് സത്യവിശ്വാസികളുടെ നന്മകളെ വിമർശിച്ചും പരിഹസിച്ചും ഹിദായത്തിൽ നിന്നകറ്റാൻ വലിയ ശ്രമം നടത്തി. ബിംബാരാധനയെ വരെ ഹിദായത്തിന്റെ മാർഗമായി ചിത്രീകരിച്ചു. ഇവിടെയൊക്കെ ശരിയായ ഹിദായത്തിനെ മനസ്സിലാക്കിയവർ അടി തെറ്റാതെ ഗമിക്കും.”സത്യവിശ്വാസം സ്വീകരിച്ചവർ, തങ്ങളുടെ വിശ്വാസത്തിൽ അതിക്രമം കലർത്താതിരുന്നവർ; അവർക്ക് നിർഭയത്വമുണ്ട്. അവർ സന്മാർഗികളുമാണ്’.കേവല മുസ്്ലിമായതുകൊണ്ട് മാത്രം ആത്മീയമായി പുരോഗമിക്കില്ല. വിശ്വാസവൈകല്യത്തിന്റെ വിഷാംശങ്ങൾ തീണ്ടാത്ത മുസ്്ലിമാകണം. മുസ്്്ലിംകൾ തന്നെ എഴുപത്തിമൂന്ന് വിഭാഗമായി പിരിയുമെന്ന തിരുനബി(സ)യുടെ ദീർഘവീക്ഷണം അതിജാഗ്രതയിൽ കാണണം.’ നിശ്ചയം ഇതെന്റെ നേരായ മാർഗമാണ്. നിങ്ങൾ അതനുഗമിക്കുവിൻ.അങ്ങനെ ചെയ്യാത്ത പക്ഷം നിങ്ങൾ അവന്റെ സത്യപാതയിൽ നിന്ന് ചിന്നിച്ചിതറുന്നതാണ് ‘. എന്ന് ഖുർആനും മുന്നറിയിപ്പു നൽകുന്നുണ്ട്. പൂർണ വിശുദ്ധിയോടെയാണ് ഓരോ ജന്മവും നടക്കുന്നത്. ശരിയായ ദീൻ പഠിച്ച് കൊണ്ട് തന്നെ. പക്ഷേ, വികലവാദങ്ങളും തെറ്റായ ദർശനങ്ങളും അവന്റെ വഴിയിൽ കല്ലും മുള്ളും കൊണ്ടിടുന്നു. അങ്ങനെ അവൻ വഴി തെറ്റുന്നു. തെറ്റാതിരിക്കാനാണ് വിശുദ്ധ ഖുർആനും അത് ബോധ്യപ്പെടുത്തി തരുന്ന പ്രവാചകന്മാരും അവരുടെ പിൻഗാമികളായ പണ്ഡിതന്മാരും.’ വ്യതിയാനങ്ങളിൽ നിന്നെല്ലാം മുക്തമായി നിന്റെ ആഭിമുഖ്യങ്ങളെ ദീനിനു നേരെ നിർത്തിക്കൊള്ളണം; അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധ പ്രകൃതിയിൽ. അവന്റെ സൃഷ്ടിയിൽ മാറ്റമില്ല. അതാണ് ശരിയായ ദീൻ. ഏറെ പേരും അതറിയുന്നില്ല. (30/30)ഇസ്്ലാം, മുസ്്ലിം എന്ന ലേബലൊട്ടിച്ചതുകൊണ്ട് മാത്രം ആശയം ഋജുവാകണമെന്നില്ല.നേരിനെ കണ്ടെത്താനാണ് മനുഷ്യന് ഹിദായത്തിന്റെ മാർഗങ്ങൾ തുറന്ന് കൊടുത്തത്. - വഹ്്യ്, ഇൽഹാം തുടങ്ങിയ ദിവ്യജ്ഞാനങ്ങളിലൂടെ: ഈ ഹിദായത്ത് നബിമാർക്കും ഔലിയാക്കൾക്കും മാത്രം സവിശേഷമായതാണ്. “അക്കൂട്ടർ; അല്ലാഹു ഹിദായത്ത് നൽകിയവരാണവർ. അവരെ പിന്തുടരൂ’ എന്നാണ് അല്ലാഹു നമ്മേ പഠിപ്പിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, അനവധി മതങ്ങൾ, ഇസ്്ലാം തന്നെ പല വർണത്തിൽ, വിഘടനവാദങ്ങൾ, പുത്തനാശയങ്ങൾ, എല്ലാത്തിനു മുമ്പിലും വിശ്വാസി അൽപ്പമൊന്ന് പകച്ച് നിൽക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ അല്ലാഹുവിനെ വിളിക്കുന്നത്; “ഇഹ്ദിന സ്വിറാത്തൽമുസ്ത്വഖീം’ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നതും.