Connect with us

Ongoing News

സ്‌കോട്ട്‌ലന്‍ഡ് പൊരുതി വീണു; ഓസീസിന് നാലാം ജയം

സ്‌കോട്ട്‌ലന്‍ഡ് ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് അഞ്ച് വിക്കറ്റിനായിരുന്നു കംഗാരുക്കളുടെ വിജയം.

Published

|

Last Updated

സെന്റ് ലൂസിയ | ടി20 ക്രിക്കറ്റ് ലോകകപ്പ് 2024ല്‍ അശ്വമേധം തുടര്‍ന്ന് ആസ്‌ത്രേലിയ. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ നാലാമത്തെയും അവസാനത്തെയും മത്സരവും ഓസീസ് ജയിച്ചു. സ്‌കോട്ലന്‍ഡ് ഉയര്‍ത്തിയ വെല്ലുവിളിയെ മറികടന്ന് അഞ്ച് വിക്കറ്റിനായിരുന്നു കംഗാരുക്കളുടെ വിജയം. സ്‌കോര്‍: സ്‌കോട്ട്‌ലന്‍ഡ്- 180/5. ആസ്‌ത്രേലിയ- 186/5. രണ്ട് പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഓസീസ് വിജയലക്ഷ്യത്തിലെത്തിയത്. സ്‌കോട്ട്‌ലന്‍ഡിന്റെ തോല്‍വിയോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ഇരു ടീമുകള്‍ക്കും അഞ്ച് പോയിന്റ് വീതമാണെങ്കിലും മികച്ച റണ്‍റേറ്റാണ് ഇംഗ്ലീഷ് ടീമിന് തുണയായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് കങ്കാരുക്കളെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണര്‍ മൈക്കല്‍ ജോണ്‍സിനെ ഇന്നിംഗ്‌സിലെ ആറാം പന്തില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. രണ്ട് റണ്‍സ് മാത്രമായിരുന്നു ജോണ്‍സിന്റെ സമ്പാദ്യം. എന്നാല്‍, രണ്ടാം ഓപ്പണര്‍ ജോര്‍ജ് മന്‍സി (23 പന്തില്‍ 35), മൂന്നാമന്‍ ബ്രാണ്ടന്‍ മക്മല്ലെന്‍ (34 പന്തില്‍ 60) എന്നിവര്‍ ചേര്‍ന്നെടുത്ത 89 റണ്‍സ് സ്‌കോട്ട്‌ലന്‍ഡിന് കരുത്തായി. പിന്നാലെയെത്തിയ മാത്യൂ ക്രോസ് 11 പന്തില്‍ 18 ഉം, മൈക്കല്‍ ലീസ്‌ക് എട്ട് പന്തില്‍ അഞ്ചും റണ്‍സെടുത്ത് കൂടാരം കയറി. നായകന്‍ റിച്ചീ ബെറിംഗ് മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 31 പന്തില്‍ 42 റണ്‍സാണ് ബെറിംഗ് അടിച്ചെടുത്തത്. പത്ത് പന്തില്‍ ഒമ്പത് റണ്‍സുമായി ക്രിസ് ഗ്രീവ്‌സ് പുറത്താവാതെ നിന്നു.

ആസ്‌ത്രേലിയയെ ഞെട്ടിച്ചു കൊണ്ടായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ ബൗളിംഗ് തുടക്കം. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നാല് പന്തില്‍ ഒന്നും നായകന്‍ മിച്ചല്‍ മാര്‍ഷ് ഒമ്പത് പന്തില്‍ എട്ടും റണ്‍സെടുത്ത് പുറത്തായി. ഗ്ലെന്‍ മാക്സ്വെല്ലും (8 പന്തില്‍ 11) പെട്ടെന്ന് മടങ്ങി.

നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡ്-മാര്‍ക്കസ് സ്റ്റോയിനിസ് സഖ്യം ആസ്‌ത്രേലിയക്ക് ശ്വാസമേകി. ഹെഡ് 49 ബോളുകളില്‍ 68 ഉം സ്റ്റോയിനിസ് 29 പന്തില്‍ 59ഉം നേടി. ടിം ഡേവിഡും (14 പന്തില്‍ പുറത്താകാതെ 28), മാത്യൂ വെയ്ഡും (അഞ്ച് പന്തില്‍ പുറത്താകാതെ നാല്) ചേര്‍ന്ന് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു.

 

Latest