Connect with us

Ongoing News

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഊദി വിസ സ്റ്റാമ്പിങ് സംവിധാനം അവസാനിക്കുന്നു

വിസ സ്റ്റാമ്പിങ് സംവിധാനത്തിന് പകരം ക്യുആര്‍ കോഡുള്ള വിസയുടെ പ്രിന്റ് കൈവശം വച്ചാല്‍ മതി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യയിലെ വിസ സ്റ്റാമ്പിങ് വ്യവസ്ഥയില്‍ സമഗ്ര മാറ്റത്തിന് തുടക്കം. ഇന്ത്യ, യു എ ഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക-തൊഴില്‍-താമസ വിസകളില്‍ സഊദിയിലേക്ക് വരുന്നവര്‍ക്ക് ഇനിമുതല്‍ വിസ സ്റ്റാമ്പിങ് സംവിധാനം ഒഴിവാക്കി.

ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പിങ് സംവിധാനത്തിന് പകരം ക്യുആര്‍ കോഡുള്ള വിസയുടെ പ്രിന്റ് കൈവശം വച്ചാല്‍ മതിയെന്ന് സഊദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) വിവിധ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. 2023 മെയ് ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

പുതിയ ക്യുആര്‍ കോഡുള്ള സംവിധാനം നിലവില്‍ വരുന്നത് ഇന്ത്യയടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകും. സന്ദര്‍ശക വിസക്ക് അപേക്ഷ നല്‍കി 24 മണിക്കൂറിനകം വിസ ലഭ്യമായാലും വിസ സ്റ്റാമ്പിങിനായി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിരുന്നു.