iran- saudi
സഊദി- ഇറാൻ സുപ്രധാന കൂടിക്കാഴ്ച ഇന്ന്
പതിറ്റാണ്ടുകൾ നീണ്ട വൈരത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ മാസം ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചൈനയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

റിയാദ് | നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് സൗഹൃദത്തിന്റെ പുതിയ അധ്യായം തീർക്കാൻ ഇറാൻ- സഊദി അറേബ്യ ഉന്നതതല യോഗം ഇന്ന് ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നടക്കും. സുപ്രധാനമായ വിഷയങ്ങൾ ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്നും സഊദിയുടെയും ഇറാന്റെയും ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
പതിറ്റാണ്ടുകൾ നീണ്ട വൈരത്തിന് അന്ത്യം കുറിച്ച് കഴിഞ്ഞ മാസം ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചൈനയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ തുറക്കാനും കഴിഞ്ഞ മാസം നടന്ന കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു.
അതേസമയം, ചൈനയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നേതൃത്വത്തിൽ നടക്കുന്ന കൂടിക്കാഴ്ചയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നത്. അമേരിക്കയുടെ ഇടപെടലില്ലാതെ മിഡിൽ ഈസ്റ്റിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്നും മേഖലയിലെ സുരക്ഷാ വിഷയങ്ങളിൽ ഇടപെടാൻ അമേരിക്കയുടെ ആവശ്യമില്ലെന്നും ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.