Ongoing News
ബെയ്ജിംഗ് കരാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബന്ധമെന്ന് സഊദിയും ഇറാനും
സഊദി , ഇറാന്‍, ചൈന രാജ്യങ്ങള്‍ പങ്കെടുത്ത ത്രികക്ഷി സമിതിയുടെ മൂന്നാമത്തെ യോഗത്തിലാണ് ബീജിംഗ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ നടപ്പാക്കാനുള്ള പ്രതിബദ്ധത വ്യക്തമാക്കിയത്
ടെഹ്റാന്‍ / റിയാദ് | ബീജിംഗ് കരാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, ഇസ്ലാമിക് സഹകരണ സംഘടനയുടെ ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം എന്നിവ പാലിക്കുന്നതിലൂടെ സഊദിയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ചൊവ്വാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ചേര്‍ന്ന സഊദി അറേബ്യ, ഇറാന്‍, ചൈന എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത ത്രികക്ഷി സമിതിയുടെ മൂന്നാമത്തെ യോഗത്തിലാണ് ബീജിംഗ് കരാര്‍ നടപ്പിലാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സ്ഥിരീകരിച്ചത് .സംയുക്ത ത്രികക്ഷി സമിതിയുടെ മൂന്നാമത്തെ യോഗത്തില്‍ സഊദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അല്‍-ഖുറൈജിയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിംഗില്‍ വെച്ച് 2023 മാര്‍ച്ച് പത്തിനായിരുന്നു കരാറില്‍ ഒപ്പ് വെച്ചത് .ബീജിംഗ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം, 2016 മുതല്‍ വിച്ഛേദിക്കപ്പെട്ടിരുന്ന നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇറാനും സഊദി അറേബ്യയും സമ്മതിക്കുകയും ചെയ്തിരുന്നു
ബീജിംഗ് കരാര്‍ നടപ്പിലാക്കുന്നതില്‍ ചൈന വഹിച്ച തുടര്‍ച്ചയായ പിന്തുണയെ സഊദി അറേബ്യയും ഇറാനും സ്വാഗതം ചെയ്തു.അതേസമയം, വിവിധ മേഖലകളില്‍ തങ്ങളുടെ ബന്ധം വികസിപ്പിക്കുന്നതിന് രാജ്യവും ഇറാനും സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ചൈന സന്നദ്ധത അറിയിച്ചു.ഫലസ്തീന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ഇസ്രായേലി ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു.







