farmers' agitation
കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്ത് സംഘ്പരിവാര്‍ കര്‍ഷക സംഘടന; കേന്ദ്രം പ്രതിരോധത്തില്‍
നിലവിലെ താങ്ങുവില വെറും തട്ടിപ്പാണെന്ന് ഭാരതീയ കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി

ന്യൂഡല്‍ഹി | കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍എസ്എസ് കര്‍ഷക സംഘടന. ഭാരതീയ കിസാന്‍ സംഘാണ് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഉന്നയിക്കുന്ന അതേ ആവശ്യവുമായി രംഗത്ത് വന്നത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് കിസാന്‍ സംഘ് ജനറല്‍ സെക്രട്ടറി ബദ്രിനാരായണ്‍ ചൗധരി ആവശ്യപ്പെട്ടു. ഉത്പന്നങ്ങള്‍ക്ക് ലാഭകരമായ വില എല്ലാ കര്‍ഷകര്‍ക്കും കിട്ടണമെന്നാവശ്യപ്പെട്ട് നാളെ രാജ്യമൊട്ടുക്കും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഭാരതീയ കിസാന്‍ സംഘ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വിള ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഒന്നുകില്‍ ലാഭകരമായ വില നല്‍കണം. നിലവിലെ താങ്ങുവില വെറും തട്ടിപ്പാണ്. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും കിസാന്‍ സംഘ് നേതാവ് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് മാസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം ചെയ്യുന്നത്. ഈ സമരത്തിന് പിന്തുണയുമായി സംഘപരിവാര്‍ സംഘടന തന്നെ രംഗത്ത് വന്നത് കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും.