Uae
ഇന്ത്യ - യു എ ഇ ആണവ സഹകരണം വിപുലീകരിക്കുന്നുവെന്ന് ഇന്ത്യൻ അംബാസഡർ
ക്രിട്ടിക്കൽ മിനറൽസിന്റെ സുസ്ഥിര വിതരണത്തിനായി യു എ ഇയുമായി കരാറുകൾ ഒപ്പുവെച്ചു

ദുബൈ|ഇന്ത്യയും യു എ ഇയും ആണവ ഊർജം, ക്രിട്ടിക്കൽ മിനറൽസ്, ജീനോമിക്‌സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നുവെന്ന് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ദുബൈയിൽ നടന്ന ഇന്തോ-യു എ ഇ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ടുഡേ ഗ്രൂപ്പും യു എ ഇ ഇന്ത്യ ബിസിനസ് കൗൺസിൽ – യു എ ഇ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
“ആണവ മേഖലയിലും ക്രിട്ടിക്കൽ മിനറൽസിലും ഇരു രാജ്യങ്ങളും സഹകരണം ആരംഭിച്ചിട്ടുണ്ട്. 2024-ൽ എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പറേഷനും ഇന്ത്യയുടെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ആണവ പ്ലാന്റുകളുടെ നിർമാണം, സേവനം, വിതരണ ശൃംഖല, മനുഷ്യവിഭവ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ കരാർ. ചെറുകിട മോഡുലാർ റിയാക്ടറുകൾ വികസിപ്പിക്കുന്നതിനും റെയിൽവേ പോലുള്ള ഊർജ – തീവ്ര മേഖലകൾക്ക് പിന്തുണ നൽകുന്നതിനും ഇന്ത്യക്ക് ഒരുപാട് ചെയ്യാനുണ്ട്.’ അദ്ദേഹം പറഞ്ഞു.
ക്രിട്ടിക്കൽ മിനറൽസിന്റെ സുസ്ഥിര വിതരണത്തിനായി യു എ ഇയുമായി കരാറുകൾ ഒപ്പുവെച്ചു. ജീനോമിക്‌സ്, പ്രിസിഷൻ മെഡിസിൻ, ബഹിരാകാശ മേഖലകളിലും ഇരു രാജ്യങ്ങൾക്കിടയിൽ സഹകരണ സാധ്യതകൾ വർധിക്കുന്നു. ബഹിരാകാശ രംഗത്ത് യു എ ഇ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയുടെ മനുഷ്യവിഭവവും യു എ ഇയുടെ സാങ്കേതിക അടിസ്ഥാനവും ഒന്നിക്കുമ്പോൾ വലിയ സാധ്യതകളുണ്ട്. സഞ്ജയ് സുധീർ കൂട്ടിച്ചേർത്തു.