National
തമിഴ്നാട്ടില്‍ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനായ ടാസ്മാകില്‍ ഇഡി റെയ്ഡ്
സര്‍ക്കാര്‍ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്.

ചെന്നൈ| തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷനായ ടാസ്മാകില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. സര്‍ക്കാര്‍ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്. ചെന്നൈയിലെ തേനാംപേട്ട് , ചേറ്റുപട്ട, ടി.നഗര്‍, ചൂലൈമേഡ്, മണപ്പാക്കം എന്നീ ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ വന്‍ തോതിലുള്ള ക്രമക്കേടുകള്‍ ആരോപിച്ച് സ്ഥലത്ത് ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അതില്‍ 1000 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം ഇഡി കണ്ടെത്തിയിരുന്നു. റീട്ടെയില്‍ കടകളില്‍ നിന്നും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും മുതിര്‍ന്ന ടാസ്മാക് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ഫയല്‍ ചെയ്ത നിരവധി എഫ്ഐആറുകളെ തുടര്‍ന്നുമാണ് ഇപ്പോള്‍ ഇഡി അന്വേഷണം നടത്തിയത്. ഒരു തമിഴ് സിനിമാ നിര്‍മ്മാതാവിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.