Connect with us

From the print

സമിത് ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമില്‍

ആസ്ത്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സമിത് ഇടംനേടിയത്.

Published

|

Last Updated

മുംബൈ | മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തി. ആസ്ത്രേലിയ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സമിത് ഇടംനേടിയത്. പേസ് ആള്‍റൗണ്ടറായ സമിത് നിലവില്‍ ബെംഗളൂരുവില്‍ നടക്കുന്ന മഹാരാജ ട്രോഫി ടി20 ടൂര്‍ണമെന്റില്‍ മൈസൂര്‍ വാരിയേഴ്സിനായി കളിച്ചുവരികയാണ്. എന്നാല്‍, മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 82 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ ബൗള്‍ ചെയ്തിട്ടുമില്ല.

എന്നാല്‍, ഈ വര്‍ഷം ആദ്യം നടന്ന കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടകയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ സമിത് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജമ്മു കശ്മീരിനെതിരെ നേടിയ 98 റണ്‍സ് ഉള്‍പ്പെടെ എട്ട് മത്സരങ്ങളില്‍ നിന്ന് 362 റണ്‍സാണ് 18കാരന്‍ വാരിക്കൂട്ടിയത്. മുംബൈക്കെതിരായ ഫൈനലിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ എട്ട് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളും പിഴുതു.

ഈ മാസം 21, 23, 26 തീയതികളില്‍ പുതുച്ചേരിയിലാണ് ഏകദിനങ്ങള്‍ നടക്കുക. ഉത്തര്‍ പ്രദേശുകാരനായ മുഹമ്മദ് അമനാണ് ക്യാപ്റ്റന്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിനെ സോഹം പട്് വര്‍ധന്‍ നയിക്കും.

 

Latest