From the print
സമസ്ത നൂറാം സ്ഥാപകദിനം; ലോക സമാധാന സമ്മേളനം കോഴിക്കോട്ട്
ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്ന യുദ്ധസാഹചര്യത്തിൽ സമാധാനവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്മേളനം.

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഈ മാസം 25ന് കോഴിക്കോട്ട് ലോക സമാധാന സമ്മേളനം നടത്തുന്നു. ലോകത്തെ വലിയൊരു ദുരന്തത്തിലേക്ക് വലിച്ചിഴക്കുന്ന യുദ്ധസാഹചര്യത്തിൽ സമാധാനവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്ക് മനുഷ്യരുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമ്മേളനം.
പശ്ചിമേഷ്യൻ യുദ്ധങ്ങൾ, റഷ്യ- യുക്രൈൻ യുദ്ധങ്ങൾ തുടങ്ങി നീതീകരിക്കാനാകാത്ത അതിക്രമങ്ങളിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വവും സയണിസവും ഒന്നിക്കുകയും പശ്ചിമേഷ്യയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയുമാണ്. പ്രതിസന്ധികളെ നയതന്ത്രപരമായി പരിഹരിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ സംഘർഷങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ഥിതിയാണ്. അന്യരാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനവും പിടിച്ചുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യരാശി വലിയ വില നൽകേണ്ടിവരും. സമാധാനത്തിന്റെ വഴിയിലേക്ക് ലോകത്തെ കൊണ്ടുപോകാനും സംയമനം പാലിക്കാനും സംഘർഷം ലഘൂകരിക്കാനും ലോകനേതാക്കൾ ആത്മാർഥമായി ഇടപെടണം.
സമാധാനത്തിനും മനുഷ്യവംശത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വേണ്ടി സാധ്യമായതെല്ലാം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം. സ്വയം നിരായുധീകരണം പ്രഖ്യാപിക്കാൻ ലോകരാജ്യങ്ങൾ മുന്നോട്ടുവരണം. അതിന് പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളുണ്ടാകണം.
ബുധനാഴ്ച ഉച്ചക്ക് രണ്ട് മുതൽ കാലിക്കറ്റ് ടവറിൽ നടക്കുന്ന സമാധാന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ, അന്തർദേശീയ പണ്ഡിതന്മാർ സംബന്ധിക്കും. സമ്മേളനത്തിൽ ലോക സമാധാനത്തിനായി പ്രത്യേക പ്രാർഥന നടത്തും.