From the print
ഒരു പകൽ മുഴുവൻ ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗർ; മഅ്ദിൻ ഹിജ്റ കോൺഫറൻസിന്് ആയിരങ്ങൾ
മാനവിക ചരിത്രത്തിൽ ഒട്ടേറെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഒരു പകൽ മുഴുവൻ ദിക്റുകളും പ്രാർഥനകളുമുരുവിട്ട് അവർ സ്വലാത്ത് നഗറിൽ സംഗമിച്ചു.

മലപ്പുറം | സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച ഹിജ്റ കോൺഫറൻസ് വിശ്വാസികൾക്ക് ആത്മനിർവൃതിയേകി. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ആരാധനാ കർമങ്ങളിൽ പങ്കുകൊള്ളാൻ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലേക്കൊഴുകിയത്. മാനവിക ചരിത്രത്തിൽ ഒട്ടേറെ സുപ്രധാന സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഒരു പകൽ മുഴുവൻ ദിക്റുകളും പ്രാർഥനകളുമുരുവിട്ട് അവർ സ്വലാത്ത് നഗറിൽ സംഗമിച്ചു. മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ ഒരുമിച്ചു കൂടിയ വിശ്വാസികൾക്ക് പുറമെ പള്ളിക്ക് പുറത്ത് തയ്യാറാക്കിയ പന്തലുകളിലും ആയിരങ്ങൾ ഒത്തുകൂടി. ജീവിതത്തിൽ വന്നുപോയ അവിവേകങ്ങൾക്ക് നാഥനോട് മാപ്പിരന്നും അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിച്ചും സുഖ ദുഃഖങ്ങളേറ്റെടുക്കാൻ തയ്യാറായുമാണ് വിശ്വാസികൾ പുതുവർഷത്തെ വരവേറ്റത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്്റാഹീം ഖലീൽ അൽ ബുഖാരി പരിപാടികൾക്ക് നേതൃത്വം നൽകി. കോൺഫറൻസിൽ സംബന്ധിക്കാനായി നിരവധി വിശ്വാസികൾ ശനിയാഴ്ച രാത്രി തന്നെ മഅ്ദിൻ അക്കാദമിയിൽ എത്തിയിരുന്നു. സംഗമത്തിനെത്തിയ വിശ്വാസികൾക്ക് വിഭവ സമൃദ്ധമായ നോമ്പ്തുറയും ഒരുക്കി. നോമ്പ്തുറക്കുള്ള പലഹാരങ്ങൾ പരിസര പ്രദേശങ്ങളിലെ ഉമ്മമാരാണ് തയ്യാറാക്കിയത്. ഖുർആൻ പാരായണം, സ്വലാത്ത്, ഇഖ്്ലാസ് പാരായണം, മുഹർറം പത്തിലെ പ്രത്യേക ദിക്റുകൾ, പ്രാർഥനകൾ, ചരിത്ര സന്ദേശപ്രഭാഷണം, തഹ്്ലീൽ, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. രാവിലെ എട്ടിന് മഅ്ദിൻ ഗ്രാൻഡ് മസ്്ജിദിൽ ആരംഭിച്ച സമ്മേളനം നോമ്പ്തുറയോടെയാണ് സമാപിച്ചത്. പരിപാടിയിൽ സംബന്ധിക്കുന്നതിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി രചിച്ച വിജയ വിളികൾ പുസ്തകം സംഗമത്തിൽ പ്രകാശനം ചെയ്തു. മുഹർറം ഒന്ന് മുതൽ മഅ്ദിൻ അക്കാദമിക്ക് കീഴിൽ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയായിരുന്നു സമ്മേളനം.
സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, കെ വി തങ്ങൾ കരുവൻതിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്്മദുൽ കബീർ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി ചാലിയം എ പി അബ്ദുൽ കരീം ഹാജി, എം എൻ കുഞ്ഞഹമ്മദ് ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എ സൈഫുദ്ദീൻ ഹാജി തിരുവനന്തപുരം, പി എം മുസ്തഫ കോഡൂർ, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, മൊയ്തീൻ ഹാജി ആനക്കര സംബന്ധിച്ചു.
പുണ്യദിനത്തിലെ ദുഃഖാചരണത്തിന് മതപിന്തുണയില്ല: ഖലീൽ തങ്ങൾ
മലപ്പുറം | കർബലയെ മുൻനിർത്തി മുഹർറം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി. പുണ്യദിനങ്ങളിൽ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങൾക്ക് ഇസ്്ലാമിന്റെ പിന്തുണയില്ലെന്നും തങ്ങൾ പറഞ്ഞു.
വ്യക്തിശുചിത്വവും, ഗാർഹിക ശുചിത്വവും പാലിക്കുന്നവർ പോലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ അലംഭാവം കാണിക്കുന്നത് ഏറെ ദുഃഖകരമാണ്. സ്വന്തം വീട്ടിലെ ഏതുതരം മാലിന്യവും യാതൊരു സങ്കോചവുമില്ലാതെ അന്യന്റെ പുരയിടത്തിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണം. വീടുകളിലെ മാലിന്യം സംസ്‌കരിക്കാൻ നാം പരിസ്ഥിതി സൗഹൃദങ്ങ മാർഗങ്ങൾ കണ്ടെത്തണം. തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ മത്സരാർഥികളുടെ പ്രകടന പത്രികകളിൽ മാലിന്യ നിർമാർജനം ഒരു മുഖ്യ അജൻഡയാക്കി മാറ്റേണ്ടതുണ്ട്. കാൽ ലക്ഷത്തിലധികം വരുന്ന മഅ്ദിൻ കുടുംബത്തിൽ മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്നും തങ്ങൾ പറഞ്ഞു.