Connect with us

kerala waqf board

സലഫി കൈയേറ്റം; കോടതി കയറിയാൽ ബോർഡ് നിയമക്കുരുക്കിലാകും

സുന്നികളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട പല സ്ഥാപനങ്ങളിലെയും വരുമാനം പുത്തനാശയക്കാരുടെ വളർച്ചക്ക് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് സ്ഥാപനങ്ങളിൽ വാഖിഫ് നിർദേശിച്ച ആചാരാനുഷ്ഠാനങ്ങൾക്ക് വിരുദ്ധമായി പുത്തനാശയക്കാർ കടന്നു കൂടിയ പശ്ചാത്തലം വഖ്ഫ് ബോർഡിനെ നിയമക്കുരുക്കിലാക്കും. ഓരോ സ്ഥാപനങ്ങളും വഖ്ഫ് ചെയ്യുമ്പോൾ വാഖിഫ് നിർദേശിച്ച രൂപത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ നിലനിൽക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത വഖ്ഫ് ബോർഡിനുണ്ടെന്ന് വഖ്ഫ് ആക്ടിൽ ബോർഡിന്റെ അധികാരം സൂചിപ്പിക്കുന്ന സെക്ഷൻ 32 കണിശമായി നിർദേശിക്കുന്നുണ്ട്.

കൂടാതെ, വാഖിഫ് രേഖപ്പെടുത്തിയതനുസരിച്ച വിശ്വാസാചാര പ്രകാരം നിലവിലെ മുതവല്ലി പ്രവർത്തിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ മുതവല്ലി സ്ഥാനം വഖ്ഫ് ബോർഡിന് റദ്ദ് ചെയ്യാവുന്നതാണെന്നും ആക്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനെല്ലാം പുറമെ വഖ്ഫ് ചെയ്യപ്പെടുന്ന സമയത്തെ കീഴ്‌വഴക്കമനുസരിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ പുലർത്തണമെന്നും വഖ്ഫ് ആക്ടിൽ പറയുന്നുണ്ട്. ഇതനുസരിച്ച് സുന്നികളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ വാഖിഫിന്റെ നിബന്ധനകളും അക്കാലത്തെ കീഴ്‌വഴക്കങ്ങളും ചൂണ്ടിക്കാട്ടി നിയമ നടപടിയിലേക്ക് നീങ്ങിയാൽ ആദ്യം പ്രതിക്കൂട്ടിലാവുക വഖ്ഫ് ബോർഡായിരിക്കും. ഏത് കാര്യത്തിനാണോ ഒരു വഖ്ഫ് ഉണ്ടായിരിക്കുന്നത് ആ കാര്യത്തിന് മാത്രമേ വഖ്ഫ് സ്ഥാപനത്തിന്റെ സ്വത്തും പണവും ചെലവഴിക്കാൻ പാടുള്ളൂവെന്നും നിയമം അനുശാസിക്കുന്നു. സുന്നികളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട പല സ്ഥാപനങ്ങളിലെയും വരുമാനം പുത്തനാശയക്കാരുടെ വളർച്ചക്ക് ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഏതെങ്കിലും വഖ്ഫ് സ്ഥാപനത്തിന്റെ ദൈനം ദിന ഭരണത്തിൽ വഖ്ഫ് ബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഇടപെടേണ്ടി വന്നാൽ അവിടത്തെ അനുഷ്ഠാനാചാരങ്ങളിൽ കൈകടത്താനുള്ള അധികാരം അദ്ദേഹത്തിന് ഇല്ലെന്നാണ് സെക്ഷൻ 38ലെ പരാമർശം. വഖ്ഫ് ആക്ട് ഉണ്ടാക്കിയ പൂർവികർ പരമ്പരാഗത സുന്നി ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് പ്രത്യേകം കാണിച്ച താത്പര്യമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.

ഏതെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പുകാർ പുതിയ ഭരണഘടന നിർമിച്ച് അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ ഒഴിവാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വഖ്ഫ് ബോർഡ് ഇടപെട്ട് പഴയ അവസ്ഥയിലേക്ക് കൊണ്ടു വരണമെന്നും നിയമാവലിയിൽ നിർദേശിക്കുന്നുണ്ട്.