Connect with us

Kerala

സാഹിത്യോത്സവ് അവാര്‍ഡ് ശശി തരൂരിന് സമ്മാനിച്ചു

അമ്പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്.

Published

|

Last Updated

തിരുവനന്തപുരം | ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് എഴുത്തുകാരനും പാര്‍ലമെന്റ് അംഗവുമായ ഡോ. ശശി തരൂരിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് സംസ്ഥാന സാഹിത്യോത്സവ് നഗരിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരാണ് പുരസ്‌കാരം നല്‍കിയത്. അമ്പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച രചനകളെ മുന്‍ നിര്‍ത്തിയാണ് ശശി തരൂരിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

മികച്ച ലോക പരിചയം ഉള്ള എഴുത്തുകാരന്‍ എന്ന നിലക്ക് ശശി തരൂരിന്റെ സാനിധ്യം ഇന്ത്യന്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും തന്റെ എഴുത്തുകളോടും ലോക അനുഭവങ്ങളോടും നീതി പുലര്‍ത്തുന്ന ഒരു രാഷ്ട്രീയക്കാരന്‍ ആയി വളരാന്‍ തരൂരിന് സാധിക്കട്ടെയെന്നും പുരസ്‌കാരം സമ്മാനിച്ചു കൊണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പറഞ്ഞു. നമ്മുടെ രാജ്യം ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥയെ മാറി കടക്കാന്‍ തരൂരിനെ പോലുള്ള ആളുകള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ബഹുസ്വരത എന്നത് ഒരു വാക്കല്ല എന്നും ചരിത്രപരമായ അനുഭവമാണെന്നും മറുപടി പ്രസംഗത്തില്‍ ശശി തരൂര്‍ പറഞ്ഞു. ഇതൊരു ഹിന്ദു രാഷ്ട്രമാണ് എന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. വൈവിധ്യങ്ങളെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. എല്ലാവര്‍ക്കും ഒരേ അവകാശങ്ങളോടെ ജീവിക്കാനുള്ള അവസരം നല്‍കുന്ന ഭരണ ഘടനയാണ് നമ്മുടേത്. എന്നാല്‍ ഇപ്പോള്‍ ഇതൊന്നുമല്ല രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. വിദേശത്ത് മുസ്ലിം രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്വന്തം രാജ്യത്ത് മുസ്ലിംകളോട് മോശമായി പെരുമാറുകയാണ്. വ്യത്യസ്തതകളെ ആദരവോടെ കാണാന്‍ കഴിയാത്തതാണ് ഭരണകൂടത്തിന്റെ പ്രശ്‌നം. മതേതരത്വം എന്നാല്‍ മതങ്ങളെ നിഷേധിക്കലോ മാറ്റി നിര്‍ത്തലോ അല്ലെന്നും കേരളത്തിലെ സുന്നി സമൂഹം നല്‍കുന്ന സാഹിത്യോത്സവ് അവാര്‍ഡിനെ ഏറെ ആദരവോടെയാണ് ഏറ്റുവാങ്ങുന്നതെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനില്‍ ശശി തരൂരിനെ അനുമോദിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. രിസാല മാനേജിംഗ് എഡിറ്റര്‍ എസ്. ശറഫുദ്ദീന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, രമേശ് ചെന്നിത്തല, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി, വെങ്കിടേഷ് രാമകൃഷ്ണന്‍, സിദീഖ് സഖാഫി നേമം, സി ആര്‍ കുഞ്ഞു മുഹമ്മദ്, ഡോ. എം എസ് മുഹമ്മദ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest