Kerala
കാന്തപുരം ഇടപെട്ടു; സഊദിയിൽ ദുരിതത്തിലായ മലയാളി വനിതകൾക്ക് മോചനം
താഇഫിലെ വാദി മുഹറം മീഖാത്തിൽ ജോലിക്കെത്തിയ ആറ് മലയാളി സ്ത്രീകളാണ് കഴിഞ്ഞ രണ്ട് വർഷമായി ദുരിതമനുഭവിച്ചിരുന്നത്.
ജിദ്ദ | സഊദിയിലെ തായിഫിൽ ക്ലീനിങ് ജോലിക്കെത്തി ദുരിതത്തിലായ മലയാളി വനിതകൾക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് മോചനം. ആദ്യഘട്ടത്തിൽ മോചിതരായ രണ്ട് വനിതകൾ നാട്ടിലേക്ക് മടങ്ങി. കോട്ടയം സ്വദേശിനി സൗമി യൂസഫ്, കോഴിക്കോട് സ്വദേശിനി ഖൈറുന്നീസ എന്നിവരാണ് നാട്ടിലെത്തിയത്. മറ്റു നാലുപേരെ കൂടി ഉടൻ നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടരുകയാണ്.
താഇഫിലെ വാദി മുഹറം മീഖാത്തിൽ ജോലിക്കെത്തിയ ആറ് മലയാളി സ്ത്രീകളാണ് കഴിഞ്ഞ രണ്ട് വർഷമായി ദുരിതമനുഭവിച്ചിരുന്നത്. താമസരേഖയായ ഇഖാമ പുതുക്കി നൽകാനോ മാസങ്ങളോളം ശമ്പളം നൽകാനോ കമ്പനി തയ്യാറായിരുന്നില്ല . ഇതിനിടെ നീതിക്കായി ശബ്ദമുയർത്തിയ മലപ്പുറം സ്വദേശിനി സൗജത്തിനെ സൂപ്പർവൈസർ ക്രൂരമായി മർദ്ദിച്ചതോടെ കാര്യങ്ങൾ വഷളായി. വിഷയം ശ്രദ്ധയിൽ പെട്ടതോടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ കമ്പനി അധികൃതരുമായി ചർച്ച നടത്തുകയും തുടർന്ന് ഐ സി എഫ് പ്രവർത്തകർ നിയമസഹായവുമായി രംഗത്തെത്തുകയും ചെയ്തു.
ലേബർ ഓഫീസ് മുതൽ പ്രോസിക്യൂഷൻ വരെ നീണ്ട നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ ശമ്പളകുടിശികയും നാട്ടിലേക്കുള്ള ടിക്കറ്റും കമ്പനി നൽകി. മർദ്ദനമേറ്റ സൗജത്തിന് മികച്ച ചികിത്സ ഉറപ്പാക്കിയ ഐ സി എഫ് പ്രവർത്തകർ അക്രമിയായ സൂപ്പർവൈസറെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്തു.
നിയമ നടപടികൾക്ക് പിന്തുണ നൽകിയ സഊദിയിലെ വിവിധ വകുപ്പുകൾക്കും ഇന്ത്യൻ കോൺസുലേറ്റിനും ഐ സി എഫ് നന്ദി അറിയിച്ചു. ആർ എം ത്വൽഹത്, കബീർ മുസ്ലിയാർ, സലാം മേലാട്, ജമാൽ മുക്കം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.



