Kerala
തൃശൂരിലെ മൂന്ന് സഹോദരിമാരുടെ ആത്മഹത്യാശ്രമം; മൂന്നാമത്തെയാളും മരിച്ചു
വാര്‍ധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു മൂവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തൃശൂര്‍| തൃശൂര്‍ മുള്ളൂര്‍ക്കര മണ്ഡലംകുന്നിലെ മൂന്ന് സഹോദരിമാര്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. മണ്ഡലംകുന്ന് സ്വദേശി ജാനകിയാണ് (80) ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. അന്ന് തന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകിയും (83) മരിച്ചു.
വാര്‍ധക്യസഹജമായ അവശതകളും ഒറ്റപ്പെടലുമായിരുന്നു മൂവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് സഹോദരിമാരെ അവശ നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞെത്തിയ ചെറുതുരുത്തി പോലീസ് ഇവരെ ഉടന്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായിരുന്നില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മൂവരുടെയും സ്വത്തുക്കള്‍ ഒരു ദേവസ്വത്തിന് എഴുതിവെച്ചതായും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)



