Kerala
അനധികൃത പരോള്‍; അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ബഹളം
സര്‍ക്കാരിനും സി പി എമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു
തിരുവനന്തപുരം | പാര്‍ട്ടിക്കു താല്‍പര്യമുള്ള തടവു പുള്ളികള്‍ക്ക് നിയമ വിരുദ്ധമായി പരോള്‍ നല്‍കുന്നതായി ആരോപിച്ച് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സഭയില്‍ പ്രതിഷേധിച്ചതിന് പിന്നാലെ പ്ലക്കാര്‍ഡുകളും ബാനറുമായി പ്രതിപക്ഷാംഗങ്ങള്‍ സഭ വിട്ട് പുറത്തിറങ്ങി.
സര്‍ക്കാരിനും സി പി എമ്മിനും ക്രിമിനലുകളെ ഭയമാണെന്നും അനാവശ്യമായി പാര്‍ട്ടി കുറ്റവാളികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ക്ക് ഒരു മാസത്തില്‍ മൂന്നു തവണ പരോള്‍ നല്‍കി. ടി പി കേസ് പ്രതികള്‍ക്ക് മൂന്നുവര്‍ഷം പരോള്‍ ലഭിച്ചു. ജയില്‍ ഡി ഐ ജിയെ സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്നു. ഗൗരവമേറിയ കാര്യമാണ് സഭയില്‍ ഉന്നയിച്ചത്. എന്നാല്‍, ഇതിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒളിച്ചോടി. കെ കെ രമയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഭയം ആണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനെ വധിക്കാനാണോ കുറ്റവാളിയെ പുറത്തിറക്കിയത് എന്ന് സംശയമുണ്ട്. ഈ വിഷയം നിയമസഭയില്‍ പറയാനുള്ള ഗൗരവം ഇല്ലേ. നിയമസഭയില്‍ അല്ലാതെ പുത്തരിക്കേണ്ടത്ത് ആണോ വിഷയം ചര്‍ച്ച ചെയ്യേണ്ടത്. പ്രതികളെ ഭയന്നാണ് സി പി എം ജീവിക്കുന്നത്. അനധികൃതമായാണ് പരോളുകള്‍ നല്‍കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. നോട്ടീസ് തള്ളിയതിന് പിന്നാലെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തി പ്രതിഷേധിച്ചു. സ്പീക്കര്‍ സഭാനടപടികള്‍ തുടരുന്നതിനിടെയും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു.
മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ സഭയില്‍ വാക്ക്‌പോരുണ്ടായി. ഭരണ പക്ഷത്തെ വിരട്ടാന്‍ വരരുതെന്നും നാളുകള്‍ എണ്ണപ്പെട്ടുവെന്ന വിരട്ടൊന്നും വേണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഞങ്ങളാരും ഓട് പൊളിച്ച് വന്നവരല്ലെന്നും മന്ത്രിമാരുടെ നേരെ വരണ്ടെന്നും സ്വര്‍ണ്ണ കള്ളന്‍മാര്‍ പോയത് സോണിയയെ കാണാനാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി തിരിച്ചടിച്ചു. ഭരണപക്ഷവും ശിവന്‍കുട്ടിക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ സംസാരം തുടരാന്‍ സ്പീക്കര്‍ ശിവന്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഗര്‍ഭച്ഛിദ്രം നടത്തിയ വീരന്മാര്‍ പോകൂ പോകൂ എന്ന് കെ.ടി ജലീല്‍ മുദ്രാവാക്യം വിളിച്ചു.



