Kerala
സര്‍വകലാശാല കാവി വല്‍ക്കരണം; ഇന്ന് എസ് എഫ് ഐ പഠിപ്പ് മുടക്ക്
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ എത്തിയാല്‍ തടയുമെന്നും എസ് എഫ് ഐ

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍ എത്തിയാല്‍ തടയുമെന്നും എസ് എഫ് ഐ അറിയിച്ചു. ഇന്ന് കേരള സര്‍വകലാശാലയിലേക്ക് ഡി വൈ എഫ് ഐയും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അതിനിടെ വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ ഇന്ന് സര്‍വകലാശാല ആസ്ഥാനത്ത് എത്തുമെന്നാണ് വിവരം.
കഴിഞ്ഞദിവസം അവധി അപേക്ഷ നല്‍കിയ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറും ഇന്ന് യൂനിവേഴ്‌സിറ്റിയില്‍ എത്തിയേക്കും. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചിട്ടില്ലെന്നും യൂനിവേഴ്‌സിറ്റിയിലേക്ക് വരാന്‍ പാടില്ലെന്നും കാണിച്ച് രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സിലര്‍ കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെ ലീവ് അപേക്ഷ നല്‍കിയെങ്കിലും മോഹന്‍ കുന്നുമ്മല്‍ അപേക്ഷ പരിഗണിക്കാതെ തള്ളി. കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാല്‍ തുടര്‍ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.