Kerala
മുന്നണി വികസിപ്പിക്കുമെന്ന് കോണ്‍ഗ്രസ്; കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ്
ഇത്തരം വിഷയങ്ങള്‍ പരസ്യമായി അലക്കി യു ഡി എഫിന്റെ കെട്ടുറപ്പിനു ഭീഷണി സൃഷ്ടിക്കാന്‍ ലീഗ് ഇല്ലെന്നും എന്നാല്‍ ലീഗിന്റെ ക്ഷമയെ ദൗര്‍ബല്യമായി കോണ്‍ഗ്രസ് കാണരുതെന്നും ശക്തമായ വികാരം പാര്‍ട്ടിയില്‍ നിലനില്‍ക്കുകയാണ്.

മലപ്പുറം | യു ഡി എഫ് മുന്നണി വികസിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വിധം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗില്ലാതെ കോണ്‍ഗ്രസ്സിനു സ്വന്തമായി ജയിക്കാന്‍ കഴിയുന്ന സീറ്റുകള്‍ എത്രയുണ്ടെന്ന നിര്‍ണായക ചോദ്യവുമായാണ് ലീഗ് കൂടുതല്‍ സീറ്റിനു വേണ്ടി രംഗത്തുവരുന്നത്.
മുമ്പ് ലീഗ് അഞ്ചാമതൊരു മന്ത്രിസ്ഥാനം ചോദിച്ചപ്പോള്‍, അത് അഞ്ചാം മന്ത്രി വിവാദമാക്കിമാറ്റി ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ലീഗിനെതിരായ വികാരം സൃഷ്ടിക്കാന്‍ ശ്രമിച്ചതുപോലുള്ള സംഘടിത നീക്കങ്ങള്‍ക്കോ ഭീഷണിക്കോ വഴങ്ങേണ്ടെന്നാണ് ലീഗ് കരുതുന്നത്. ഇത്തരം വിഷയങ്ങള്‍ പരസ്യമായി അലക്കി യു ഡി എഫിന്റെ കെട്ടുറപ്പിനു ഭീഷണി സൃഷ്ടിക്കാന്‍ ലീഗ് ഇല്ലെന്നും എന്നാല്‍ ലീഗിന്റെ ക്ഷമയെ ദൗര്‍ബല്യമായി കോണ്‍ഗ്രസ് കാണരുതെന്നും ശക്തമായ വികാരം പാര്‍ട്ടിയില്‍ നിലനില്‍ക്കുകയാണ്. യു ഡി എഫിന്റെ കെട്ടുറപ്പ് സംരക്ഷിക്കാനും അധികാരത്തില്‍ തിരിച്ചെത്താനുമുള്ള ഉത്തരവാദിത്തം ലീഗിന്റേതു മാത്രമല്ലെന്ന വികാരമാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്.
2026ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ ലീഗ് മുന്നണി സംവിധാനത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടു തന്നെ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. പുതിയതായി നാലു സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുക. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ലീഗ് കരുതുന്നത്. കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് ലീഗ്. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടിയോ നാദാപുരമോ വെണം. വയനാട് ജില്ലയില്‍ കല്‍പ്പറ്റ സീറ്റാണ് ലീഗ് ആഗ്രഹിക്കുന്നത്. സംവരണ മണ്ഡലമായ മാനന്തവാടി ലഭിച്ചാലും സ്വീകാര്യമാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വിട്ട് കൊടുത്ത് പകരം തവനൂരോ പട്ടാമ്പിയോ ലഭിക്കണമെന്നും ലീഗ് ആവശ്യപ്പെടും.
ഇതിനിടെ വടക്കന്‍ കേരളത്തിന് പുറത്തേയ്ക്ക് സ്വാധീനം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തെക്കന്‍ കേരളത്തിലെ ഏതെങ്കിലും സീറ്റും ലീഗ് ആവശ്യപ്പെടും. തെക്കന്‍ കേരളത്തില്‍ ലീഗിന്റെ സാന്നിധ്യമില്ലാത്തത് എസ് ഡി പി ഐ പോലുള്ള പാര്‍ട്ടികള്‍ മുതലാക്കുന്നുണ്ടെന്നാണ് പാര്‍ട്ടി കരുതുന്നത്. സീറ്റുകള്‍ എങ്ങനെ പങ്കുവെക്കണം എന്ന് യു ഡി എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു. യു ഡി എഫിലെ എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ മുഴുവന്‍ കഴിവും വിനിയോഗിക്കുന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.