Uae
ഷാർജയിൽ മലയാളി യുവതിയും കുഞ്ഞും മരിച്ച നിലയിൽ
കുഞ്ഞിൻ്റെ മരണത്തിന് കാരണം അമ്മയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.

ഷാർജ| ഷാർജയിൽ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയ വീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും (33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലം പരിശോധിച്ച ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിൽ സ്ത്രീയുടെ കഴുത്തിൽ ഇതിന്റെ സൂചന നൽകുന്ന പാടുകളുണ്ടായിരുന്നു. കുഞ്ഞിൻ്റെ മരണത്തിന് കാരണം അമ്മയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് ഓപ്പറേഷൻസ് റൂമും എമർജൻസി സംഘവും സ്ഥലത്തെത്തി. അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ കുട്ടിയും മരണത്തിന് കീഴടങ്ങി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഫോറൻസിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.
ദുബൈയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കുറച്ച് കാലമായി വെവ്വേറെ സ്‌ഥലത്തായിരുന്നു താമസിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. അൽ ബുഹൈറ പോലീസ് കേസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൃത്യത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് എന്ന് അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----