Kerala
വിദ്യാഭ്യാസ രംഗത്തെ മാറ്റം: സര്‍ക്കാര്‍ കൃത്യമായ പഠനങ്ങൾ നടത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത്
സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുന്നതിലടക്കം കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ വേണം

മലപ്പുറം | വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ കൃത്യമായ പഠനങ്ങളുടെയും വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിലാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതൃസംഗമം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരള എന്‍ജിനീയറിംഗ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ പശ്ചാതലത്തില്‍ വിവേക പൂര്‍വമുള്ള പരിഹാരനടപടികള്‍ സര്‍ക്കാറില്‍ നിന്നുണ്ടാകണമെന്നും മലപ്പുറം മഅ്ദനില്‍ നടന്ന ക്രിയേഷന്‍ 2025 സംസ്ഥാന നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കപ്പെടണം. വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ കൂട്ടാനുള്ള ശ്രമങ്ങള്‍ സ്വാഗതാര്‍ഹം തന്നെയാണ്. അതേസമയം അവ സുതാര്യവും നീതിയുക്തവുമാവണം. സ്‌കൂള്‍ സമയം വര്‍ധിപ്പിക്കുന്നതിലടക്കം കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടക്കണം. രാജ്യാന്തരതലത്തില്‍ തന്നെയുള്ള മികച്ച വിദ്യാലയങ്ങളുടെ സമയക്രമത്തെക്കുറിച്ചും പഠിക്കണം. നമ്മുടെ മികച്ച വിദ്യാഭ്യാസരംഗം കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില്‍ എല്ലാവരുടെയും ഒന്നിച്ചുള്ള മുന്നേറ്റമാണ്. അതില്‍ ചിലര്‍ വിഭാഗീയത കാണുന്നത് അംഗീകരിക്കാനാകില്ല.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഫാസിസ്റ്റ് ഇടപെടല്‍ നടത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാകില്ല. സ്വകാര്യതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമല്ല കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗമെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളില്‍ സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുർറഹ്മാന്‍ ഫൈസി, മരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈതലവി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, എന്‍ അലി അബ്ദുല്ല, എ കെ അബ്ദുല്‍ ഹമീദ്, എം എന്‍ കുഞ്ഞഹമ്മദ് ഹാജി, സൈഫുദ്ധീന്‍ ഹാജി പ്രസംഗിച്ചു.