Connect with us

Saudi Arabia

വിശുദ്ധിയുടെ നിറവിൽ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി

സഊദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി  മക്ക ഡെപ്യൂട്ടി അമീർ  ചടങ്ങിന് നേതൃത്വം നൽകി

Published

|

Last Updated

മക്ക|പുതു ഹിജ്‌റ വർഷത്തിലെ മുഹറം പതിനഞ്ചിന് വിശുദ്ധ  കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി. സഊദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി  മക്ക ഡെപ്യൂട്ടി അമീർ  സഊദ്  ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ  ചടങ്ങിന് നേതൃത്വം നൽകി. സുബ്ഹി നമസ്‍കാര ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കനത്ത സുരക്ഷയിലായിരുന്നു ഈ വർഷത്തെ കഅബ കഴുകൽ ചടങ്ങുകൾ നടന്നത്. കഴുകുന്നതിന് മുന്നോടിയായി കഅബാലയത്തിന്റെ പ്രധാന വാതിലിന്റെ മുൻപിൽ തൂക്കിയിട്ടിരുന്ന കിസ്‌വയുടെ ഭാഗം  ഉയര്‍ത്തിക്കെട്ടിയിരുന്നു. കഅബയുടെ ഉൾഭാഗം ശുദ്ധമായ പനിനീരും ഊദും കലർത്തിയ സംസം വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ശേഷം മേല്‍ത്തരം ഊദ് എണ്ണയും റോസ് ഓയിലും ഉപയോഗിച്ച് സുഗന്ധം പൂശുകയും ചുവരുകൾ പ്രത്യേക സംസം കലർത്തിയ വെള്ളം കൊണ്ട് തുടച്ച്, സുഗന്ധം പുകയിച്ചശേഷം  കഅബയുടെ വാതിൽ അടച്ചതോടെ ഈ വർഷത്തെ കഅബ കഴുകൽ ചടങ്ങുകൾ പൂർത്തിയായി.
കഅബ കഴുകൽ ചടങ്ങ് പൂർത്തിയായതിന് ശേഷം, ഹജറുൽ അസ്‌വദ് ചുംബിക്കുകയും, ത്വവാഫ് (കഅബ പ്രദക്ഷിണം) നടത്തി, മഖാം ഇബ്രാഹിമിന്  പിന്നിൽ രണ്ട് റക്അത്ത് നമസ്കകാരവും നിർവ്വഹിച്ചാണ് മടങ്ങിയത്. എല്ലാ വര്‍ഷവും ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായ മുഹറം 15ാം തീയതിയാണ് കഅ്ബ കഴുകല്‍ ചടങ്ങ് നടത്താറുള്ളത്. ഇരു ഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ  ഡോ. ശൈഖ്  അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ, ജനറൽ പ്രസിഡൻസിയുടെ സിഇഒ എഞ്ചിനീയർ ഗാസി അൽ-ഷെഹ്‌റാനി, ഹറം ഇമാമുമാർ മുതിർന്ന  ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
ഇസ്ലാമിലെ ചരിത്ര പ്രസിദ്ധമായ മക്കാം ഫതഹിന് ശേഷം അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളാണ് ആദ്യമായി കഅ്ബ കഴുകൽ ചടങ്ങിന് തുടക്കം കുറിച്ചത്. തുടർന്ന് ഭരണത്തിലിരുന്ന ഖലീഫമാരും, രാജാക്കന്മാരും, സഊദി ഭരണാധികാരികളും വളരെ പ്രാധാന്യത്തോടെയാണ് വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങുകൾക്ക് നേതൃത്വം നൽകിവരുന്നത്.

സിറാജ് പ്രതിനിധി, ദമാം

Latest