Kerala
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി: അടൂര്‍ പ്രകാശ്
മുഖ്യമന്ത്രിയാവാന്‍ തനിക്കാണ് കൂടുതല്‍ ജനങ്ങളുടെ പിന്തുണയെന്ന സര്‍വേ ഫലം ശശി തരൂര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് പ്രതികരണം

കൊച്ചി | മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയാവാന്‍ തനിക്കാണ് കൂടുതല്‍ ജനങ്ങളുടെ പിന്തുണയെന്ന സര്‍വേ ഫലം ശശി തരൂര്‍ പുറത്തുവിട്ട സാഹചര്യത്തിലാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് തന്നെ മുഖ്യമന്ത്രിയാവണമെന്നില്ല എന്ന സൂചനയാണ് കണ്‍വീനര്‍ നല്‍കുന്നത്.
തരൂര്‍ പുറത്തുവിട്ട സര്‍വ്വേക്ക് യാതൊരു ആധികാരികതയും ഇല്ല. മുതിര്‍ന്ന നേതാക്കള്‍ സ്വയം നിയന്ത്രിക്കണം. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ മനപ്പൂര്‍വ്വം സര്‍വ്വേ നടത്താന്‍ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങള്‍ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
പി വി അന്‍വറിന്റെ പ്രവേശനം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും നിലമ്പൂരില്‍ യു ഡി എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി വിപുലീകരണം ഉണ്ടാകും. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല. ഇന്നത്തെ മീറ്റിംഗില്‍ ജോസ് കെ മാണി വരുന്നില്ല എന്ന് മാത്രം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.