Kerala
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം, മകന് സര്‍ക്കാര്‍ ജോലി; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
കോട്ടയം കളക്ടറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തിരുവനന്തപുരം|കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായവും മകന്‍ നവനീതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാനും വീട് നിര്‍മിച്ച് നല്‍കാനുമാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മകള്‍ നവമിയുടെ ചികിത്സയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കോട്ടയം കളക്ടറുടെ റിപോര്‍ട്ട് പരിഗണിച്ചാണ് ബിന്ദുവിന്റെ കുടുംബത്തിന് സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്തു.
നേരത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട് സന്ദര്‍ശന സമയത്ത് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സ്ഥിരം തൊഴില്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ബിന്ദുവിന്റെ കുടുംബത്തിന് ബിന്ദു ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. കുടുംബത്തിന് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച ധനസഹായമായ അഞ്ച് ലക്ഷം രൂപ ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറിയിരുന്നു.
ജൂലൈ മൂന്നിനാണ് മകള്‍ക്ക് കൂട്ടിരിക്കാനായി പോയ തലയോലപറമ്പ് സ്വദേശിനി ബിന്ദു മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് വീണ് മരണപ്പെട്ടത്. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.