Kerala
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ദ്വാരപാലക കേസിലെ ജാമ്യാപേക്ഷ തന്ത്രി ഇന്ന് സമർപ്പിക്കും.
കൊല്ലം | ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട അപേക്ഷയാണ് കോടതിയുടെ മുന്നിലെത്തുന്നത്. ഇതിന് പുറമെ ദ്വാരപാലക കേസിലെ ജാമ്യാപേക്ഷയും തന്ത്രി ഇന്ന് സമർപ്പിക്കും.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഗൂഢാലോചനയിൽ പങ്കാളിയാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങൾ മാത്രമാണ് താൻ നിർവഹിച്ചതെന്നുമാണ് തന്ത്രിയുടെ വാദം.
റിമാൻഡിലുള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനായി നാളെ കോടതിയിൽ ജാമ്യ ഹരജി നൽകും. നേരത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.


