Uae
കുട്ടികളുടെ ആരോഗ്യത്തിന് മുന്‍ഗണന; മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കി യു എ ഇ
ഇന്ന് ഇമാറാത്തി ബാലദിനം. 'ഡിജിറ്റല്‍ അറിവിനുള്ള അവകാശം' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ഇമാറാത്തി ബാലദിനം ആചരിക്കുന്നത്.
അബൂദബി | കുട്ടികളുടെ ആരോഗ്യ സംരക്ഷണം ദേശീയ മുന്‍ഗണനയായി കണ്ട് പീഡിയാട്രിക് മരുന്നുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ യു എ ഇ ശക്തമാക്കുന്നു. സുരക്ഷിതമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനൊപ്പം വിശ്വാസയോഗ്യമായ ഡിജിറ്റല്‍ ആരോഗ്യ വിവരങ്ങള്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും രാജ്യം പ്രാധാന്യം നല്‍കുന്നതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ ഡി ഇ) ഡയറക്ടര്‍ ജനറല്‍ ഡോ. ഫാത്തിമ അല്‍ കഅബി പറഞ്ഞു. ഇന്ന് ആചരിക്കുന്ന ഇമാറാത്തി ബാലദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ലഭ്യമാകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ആവര്‍ത്തിക്കാനുള്ള അവസരമാണ് ഇമാറാത്തി ദിനം. യു എ ഇ വിപണിയിലുള്ള മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ നിയന്ത്രണ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിനും ജീവിതനിലവാരത്തിനും ഊന്നല്‍ നല്‍കുന്ന വിശാലമായ ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
‘ഡിജിറ്റല്‍ അറിവിനുള്ള അവകാശം’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ഇമാറാത്തി ബാലദിനം ആചരിക്കുന്നത്. മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കുന്ന വിശ്വസനീയമായ ഡിജിറ്റല്‍ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഡോ. ഫാത്തിമ അല്‍ കഅബി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കനുസൃതമായ സമഗ്രമായ നിയന്ത്രണ ചട്ടക്കൂടിലൂടെയാണ് പീഡിയാട്രിക് മരുന്നുകളുടെ സുരക്ഷ ഇ ഡി ഇ നിരീക്ഷിക്കുന്നത്. കുട്ടികളാണ് ഭാവി എന്നും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ഫാത്തിമ അല്‍ കഅബി കൂട്ടിച്ചേര്‍ത്തു.




