International
യുക്രൈനിലെ പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ട്രെയിനിലെ ഒരു കോച്ചിന് തീപിടിച്ചു.
കീവ്| യുക്രൈനില്‍ 200-ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഖാര്‍കീവിലെ യാസികോവിന് സമീപമാണ് ആക്രമണം ഉണ്ടായത്.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ട്രെയിനിലെ ഒരു കോച്ചിന് തീപിടിച്ചു. പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. സംഭവസ്ഥലത്തുനിന്ന് അഞ്ച് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും, മരിച്ചവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ശക്തമായി അപലപിച്ചു. ട്രെയിനിന് നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമാണെന്നും സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് യാതൊരു ന്യായീകരണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തിന് റഷ്യ ഉത്തരവാദിത്വം പറയണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു.




