National
സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; വിമാനാപകടത്തിൽ രാജ്യത്തിന് നഷ്ടമായവർ ഏറെ
ആധുനിക സാങ്കേതികവിദ്യകള്‍ ഏറെ പുരോഗമിച്ചിട്ടും വിമാനയാത്രകളില്‍ പ്രമുഖ നേതാക്കള്‍ ഇന്നും അപകടത്തിനിരയാകുന്നത് വലിയൊരു ആശങ്കയായി തുടരുന്നു.
ന്യൂഡല്‍ഹി | രാജ്യത്തെ ഞെട്ടിച്ച ബാരാമതി വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിടവാങ്ങുമ്പോള്‍, വിമാനാപകടങ്ങളും ഹെലികോപ്റ്റര്‍ തകര്‍ച്ചകളും കവര്‍ന്നെടുത്ത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കളുടെ ഓര്‍മ്മകള്‍ വീണ്ടും നോവായി മാറുകയാണ്. സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ നീളുന്ന ആ പട്ടിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു ശൂന്യതയെയാണ് അടയാളപ്പെടുത്തുന്നത്.
സഞ്ജയ് ഗാന്ധി (1980)
ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണം രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു. 1980 ജൂണ്‍ 23ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് വിമാനത്താവളത്തിന് സമീപം വെച്ച് അദ്ദേഹം ഓടിച്ചിരുന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
മാധവറാവു സിന്ധ്യ (2001)
കോണ്‍ഗ്രസിലെ അതികായനായിരുന്ന മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30നാണ് വിമാനാപകടത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
ജി എം സി ബാലയോഗി (2002)
ലോക്സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി 2002 മാര്‍ച്ച് 3ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. സാങ്കേതിക തകരാറായിരുന്നു അപകടകാരണം.
വൈ എസ് രാജശേഖര റെഡ്ഡി (2009)
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് ആര്‍ 2009 സെപ്റ്റംബര്‍ 2ന് ഹെലികോപ്റ്റര്‍ തകര്‍ന്നാണ് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ചിറ്റൂരിലേക്കുള്ള യാത്രയ്ക്കിടെ നല്ലമല കാടുകളിലായിരുന്നു അപകടം. 24 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ദോർജി ഖണ്ഡു (2011)
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡു 2011 ഏപ്രിലില്‍ തവാങ്ങില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം കണ്ടെത്താനായത്.
ജനറല്‍ ബിപിന്‍ റാവത്ത് (2021)
ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥരും തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വീരമൃത്യു വരിച്ചത്.
അജിത് പവാറിന്റെ വിയോഗത്തോടെ ഈ ദുരന്തപട്ടികയിലേക്ക് ഒരു പേര് കൂടി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഏറെ പുരോഗമിച്ചിട്ടും വിമാനയാത്രകളില്‍ പ്രമുഖ നേതാക്കള്‍ ഇന്നും അപകടത്തിനിരയാകുന്നത് വലിയൊരു ആശങ്കയായി തുടരുന്നു.


