Connect with us

National

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുന്നു; ശക്തമായ ഹിമപാതം കെട്ടിടങ്ങൾ വിഴുങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ജമ്മു കശ്മീർ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി 11 ജില്ലകളിൽ ഹിമപാത മുന്നറിയിപ്പ് നൽകി

Published

|

Last Updated

ശ്രീനഗർ | ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിൽ ചൊവ്വാഴ്ച രാത്രി ശക്തമായ ഹിമപാതമുണ്ടായി. ഗന്ദർബാൽ ജില്ലയിലെ സോനാമാർഗിൽ രാത്രി 10.12 ഓടെയാണ് സംഭവം. മലനിരകളിൽ നിന്ന് അതിശക്തമായ മഞ്ഞുവീഴ്ച താഴേക്ക് പതിക്കുന്നതിന്റെയും കെട്ടിടങ്ങളെ വിഴുങ്ങുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വലിയ തോതിലുള്ള ഹിമപാതമാണ് ഉണ്ടായതെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

കശ്മീരിലുടനീളം തുടരുന്ന കനത്ത മഞ്ഞുവീഴ്ച ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ചയെ തുടർന്ന് ജമ്മു – ശ്രീനഗർ ദേശീയ പാത അടച്ചു. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള 58 വിമാന സർവീസുകളും റദ്ദാക്കിയതോടെ നൂറുകണക്കിന് വിനോദസഞ്ചാരികൾ താഴ്വരയിൽ കുടുങ്ങി. ഖാസിഗുണ്ടിലെ നവ്യുഗ് ടണലിന് സമീപവും ബനിഹാൽ മേഖലയിലും മഞ്ഞ് കുന്നുകൂടിയതിനെ തുടർന്നാണ് ദേശീയപാത 44 അടച്ചത്. റൺവേയിൽ മഞ്ഞ് നിറഞ്ഞത് വിമാന സർവീസുകളെയും പ്രതികൂലമായി ബാധിച്ചു.

അതേസമയം, ജമ്മു കശ്മീർ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി 11 ജില്ലകളിൽ ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ 2,000 മീറ്ററിന് മുകളിൽ ഉയരമുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അനന്ത്നാഗ്, ബന്ദിപ്പോറ, ബാരാമുള്ള, കുൽഗാം, കുപ്‌വാര, ദോഡ, കിഷ്ത്വാർ, പൂഞ്ച്, രജൗരി, രാംബാൻ എന്നീ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. വരും ദിവസങ്ങളിലും പ്രദേശത്ത് മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

Latest