Kerala
മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്
വി ജോയ് എംഎല്‍എയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം| വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അവകാശലംഘന നോട്ടീസ്. മന്ത്രിയെ പൊതു മാധ്യമത്തിൽ അപമാനിച്ചതിന് നടപടി വേണമെന്നാണ് ആവശ്യം.വി ജോയ് എംഎല്‍എയാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന് നോട്ടീസ് നല്‍കിയത്.
നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു വി ശിവന്‍കുട്ടിക്കെതിരെ വി ഡി സതീശന്റെ വിമർശനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് സതീശന്‍ ശിവന്‍കുട്ടിയെ കടന്നാക്രമിച്ചത്.
നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്ന് സതീശന്റെ പരിഹാസം. എക്‌സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവന്‍കുട്ടി യോഗ്യനല്ല. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നായിരുന്നു സതീശന്റെ വാക്കുകൾ.



