Connect with us

Kerala

കോഴിക്കോട് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തില്‍

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഏകദിന സത്യാഗ്രഹം

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന വീണ്ടും സമരത്തില്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഏകദിന സത്യാഗ്രഹം. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഡോക്ടര്‍മാര്‍ക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നല്‍കുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ഷിന വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം.

സമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു പറ്റിച്ചതായി ഹര്‍ഷിന പറഞ്ഞു. നേരത്തെ 104 ദിവസം തുടര്‍ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നിലും ഹര്‍ഷിന സമരം നടത്തിയിരുന്നു. സമരപ്പന്തലില്‍ എത്തി ആരോഗ്യ മന്ത്രി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ല. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ ആ പണവും തീരാറായെന്നും ഹര്‍ഷിന പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് അനുകൂലമായാണ് സര്‍ക്കാര്‍ വക്കീല്‍ റിപ്പോര്‍ട്ട് കൊടുത്തതെന്നും ഹര്‍ഷിന കൂട്ടിച്ചേര്‍ത്തു.