Connect with us

Editors Pick

അജിത് പവാർ ഇല്ലാത്ത മഹാരാഷ്ട്ര; ശൂന്യത, അനിശ്ചിതത്വം

നിലവിൽ 41 എം എൽ എമാരുള്ള അജിത് പവാർ വിഭാഗമാണ് ഔദ്യോഗിക എൻ സി പിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അജിത് പവാറിന്റെ അഭാവത്തിൽ ഈ വിഭാഗത്തെ ആര് നയിക്കും എന്നത് പ്രധാന ചോദ്യമാണ്.

Published

|

Last Updated

ബാരാമതി | പതിറ്റാണ്ടുകളായി മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച അജിത് പവാറിന്റെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ സൃഷ്ടിക്കാൻ പോകുന്നത് വലിയൊരു ശൂന്യതയാകും. ‘അജിത് ദാദ’യില്ലാത്ത മഹാരാഷ്ട്ര രാഷ്ട്രീയം അനിശ്ചിതത്വത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് കടക്കുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്ന അജിത് പവാറിന്റെ വിടവാങ്ങൽ എൻ സി പിയുടെ ഇരുവിഭാഗങ്ങളിലും വലിയ ചലനങ്ങൾ ഉണ്ടാക്കും.

നിലവിൽ 41 എം എൽ എമാരുള്ള അജിത് പവാർ വിഭാഗമാണ് ഔദ്യോഗിക എൻ സി പിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അജിത് പവാറിന്റെ അഭാവത്തിൽ ഈ വിഭാഗത്തെ ആര് നയിക്കും എന്നത് പ്രധാന ചോദ്യമാണ്. അദ്ദേഹത്തിന്റെ ഭാര്യയും രാജ്യസഭാ എം പിയുമായ സുനേത്ര പവാറോ അതോ മകൻ പാർത്ഥ് പവാറോ നേതൃത്വത്തിലേക്ക് വരുമോ എന്ന് കണ്ടറിയണം.

അടുത്ത കാലത്തായി ശരദ് പവാറുമായി അജിത് പവാർ അടുക്കുന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഇരുവിഭാഗങ്ങളും ഒരുമിച്ച് മത്സരിച്ചതും ശ്രദ്ധേയമാണ്. അജിത് പവാറിന്റെ വിയോഗത്തോടെ സുപ്രിയ സുലെയുടെ നേതൃത്വത്തിൽ എൻ സി പിയുടെ ഇരുവിഭാഗങ്ങളും ലയിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.

മഹായുതി സഖ്യത്തിലെ നിർണ്ണായക ശക്തിയായിരുന്നു അജിത് പവാർ. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിൽ അദ്ദേഹം വഹിച്ചിരുന്ന ഉപമുഖ്യമന്ത്രി പദവിയിലേക്ക് എൻ സി പിയിൽ നിന്ന് ആര് വരുമെന്നത് സഖ്യത്തിനുള്ളിലെ സമവാക്യങ്ങളെ ബാധിക്കും.

പവാർ കുടുംബത്തിന്റെ കോട്ടയായ ബാരാമതിയിൽ അജിത് പവാറിന് പകരക്കാരനായി ശരദ് പവാർ ആരെ ഉയർത്തിക്കാട്ടും എന്നത് നിർണ്ണായകമാണ്. രോഹിത് പവാർ എം എൽ എയാണെങ്കിലും അജിത് പവാറിനുണ്ടായിരുന്ന ജനസ്വാധീനം ആർജ്ജിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരിക്കും.

മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രങ്ങളിൽ ഇനിയുണ്ടാകുന്ന മാറ്റങ്ങൾ അജിത് പവാർ എന്ന രാഷ്ട്രീയ തന്ത്രജ്ഞൻ ബാക്കിവെച്ചുപോയ പാരമ്പര്യം എങ്ങനെ മുന്നോട്ട് പോകുമെന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Latest