National
അജിത് പവാറിന്റെ മരണത്തിടയാക്കിയ വിമാന അപകടം നടന്നത് ഇങ്ങനെ
വിമാനത്താവളത്തിന് ഏകദേശം 20 കിലോമീറ്റർ അകലെ വെച്ചാണ് വിമാനവുമായുള്ള സിഗ്നലുകൾ നഷ്ടമായത്.
ബാരാമതി | മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രിയും എൻ സി പി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെട്ട വിമാന ദുരന്തം. ഇന്ന് രാവിലെ 8.45 ഓടെ സ്വന്തം തട്ടകമായ ബാരാമതിയിൽ വിമാനം ഇറക്കുന്നതിനിടെയുണ്ടായ ദുരന്തത്തിൽ അദ്ദേഹമുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. മുംബൈയിൽ നിന്ന് ബാരാമതിയിലെ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അപകടം നടന്നത് ഇങ്ങനെ
മുംബൈ വിമാനത്താവളത്തിൽ നിന്ന് രാവിലെ 8.10 നാണ് അജിത് പവാറും സംഘവും സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 (Learjet 45) വിമാനം പുറപ്പെട്ടത്. ഏകദേശം 35 മിനിറ്റോളം ആകാശത്ത് തുടർന്ന വിമാനം, ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്താവളത്തിന് ഏകദേശം 20 കിലോമീറ്റർ അകലെ വെച്ചാണ് വിമാനവുമായുള്ള സിഗ്നലുകൾ നഷ്ടമായത്. റൺവേ ലക്ഷ്യമാക്കി താഴ്ന്നു പറന്ന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് തകർന്നു വീഴുകയായിരുന്നു. റൺവേയിൽ നിന്ന് വെറും 100 അടി അകലെയാണ് വിമാനം പതിച്ചത്.
തകർന്നു വീണ ഉടനെ വിമാനത്തിന് തീപിടിക്കുകയും വൻ ശബ്ദത്തോടെ സ്ഫോടനം ഉണ്ടാവുകയും ചെയ്തു. നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഓടിയെത്തിയെങ്കിലും അതിശക്തമായ തീപിടുത്തം കാരണം രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു.
അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ, ഒരു അറ്റൻഡന്റ്, പൈലറ്റ്, കോ-പൈലറ്റ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഡി ജി സി എ സ്ഥിരീകരിച്ചു.




