National
അജിത് പവാറിന്റെ മരണം: അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസ്
വിമാനാപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു.
മുംബൈ|മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പോലീസ്. വിമാനാപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താന്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചു. രണ്ടാം തവണയും ലാന്റിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകര്‍ന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ശരത്പവാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ നാളെ ബാരാമതിയില്‍ നടക്കുമെന്ന് സഹോദരന്‍ ശ്രീനിവാസ് പവാര്‍ പറഞ്ഞു. നിലവില്‍ ബാരാമതി മെഡിക്കല്‍ കോളജിലാണ് മൃതദേഹമുള്ളത്.
അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥനും സഹായിയും പൈലറ്റും ജീവനക്കാരനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മുംബൈയില്‍ നിന്നും മഹാരാഷ്ട്രയിലെ ബാരാമതിയിലേക്ക് പവാര്‍ സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്തത്. അപകടത്തില്‍ പെട്ടതോടെ വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു. അജിത്ത് പവാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ശരത് പവാര്‍ ബാരാമതിയിലേക്ക് തിരിച്ചു.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രി പദവി അലങ്കരിച്ച നേതാക്കളില്‍ ഒരാളാണ് അജിത് പവാര്‍. വിവിധ സഖ്യസര്‍ക്കാരുകളുടെ കാലത്തായി ആറ് തവണയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. 2023ല്‍ ശരദ് പവാറുമായി രാഷ്ട്രീയമായി വേര്‍പിരിഞ്ഞ അദ്ദേഹം എന്‍ സി പിയിലെ ഭൂരിഭാഗം എം എല്‍ എമാരെയും കൂടെ നിര്‍ത്തി ഷിന്‍ഡെ – ബി ജെ പി സര്‍ക്കാരില്‍ ചേര്‍ന്നു. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അജിത് പവാറിന്റെ വിഭാഗത്തെ ഔദ്യോഗിക എന്‍ സി പിയായി അംഗീകരിച്ചു.
ബാരാമതിയെ ലോകനിലവാരത്തിലുള്ള ഒരു നഗരമായി മാറ്റിയെടുക്കുന്നതില്‍ അജിത് പവാര്‍ വലിയ പങ്കുവഹിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും ബാരാമതിയിലെത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. തന്റെ കാര്യക്ഷമമായ ഭരണശൈലിയും വേഗത്തിലുള്ള തീരുമാനങ്ങളുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.




