Connect with us

Kerala

പാപ്പിനിശ്ശേരിയില്‍ തെരുവുനായ ആക്രമണം; 11 വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് അബ്ദുല്ല നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | പാപ്പിനിശ്ശേരി ഐക്കാംഭാഗത്ത് തെരുവുനായ ശല്യം ആശങ്കയാകുന്നു. ചൊവ്വാഴ്ച വൈകീട്ട് പള്ളിയിലേക്ക് പോകാനായി വീട്ടില്‍നിന്നിറങ്ങിയ 11 വയസുകാരന്‍ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. സമീപത്തെ വീട്ടിലുള്ള കൂട്ടുകാരനെ പള്ളിയിലേക്ക് വിളിക്കാന്‍ പോയപ്പോള്‍ ആളൊഴിഞ്ഞ വീട്ടിനടുത്ത് തമ്പടിച്ചിരുന്ന പത്തോളം തെരുവുനായ്ക്കള്‍ കുട്ടിയുടെ പിന്നാലെ ഓടിയെത്തുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതാവ് അബ്ദുല്ല നായ്ക്കളെ തുരത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുന്നതിനിടെ കുട്ടി വീടിന് പിന്നിലെ കുറ്റിക്കാട്ടില്‍ വീണെങ്കിലും  പരിക്കുകളില്ല. സംഭവത്തിന് പിന്നാലെ കുട്ടിയെ പാപ്പിനിശ്ശേരി സി എ ച്ച് സിയില്‍ എത്തിച്ചു. കടിയേറ്റതായി ഉറപ്പില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും, രാവിലെ സ്‌കൂളിലേക്കും മദ്റസയിലേക്കും പോകുന്ന കുട്ടികള്‍ക്ക് പിന്നാലെ നായ്ക്കള്‍ പതിവായി കുരച്ച് പായുന്നതായും നാട്ടുകാര്‍ പറയുന്നു. ഒഴിഞ്ഞുകിടക്കുന്ന വീടുകളിലാണ് പല നായ്ക്കളും തമ്പടിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Latest