Kerala
സംസ്ഥാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരളം
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ ആറാമത്തെ ബജറ്റ് അവതരണമാണിത്. നാളെ രാവിലെ 9 മണിക്ക് ബജറ്റ് സമ്മേളനം ആരംഭിക്കും.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്കുകളും ഇതോടൊപ്പം സഭയുടെ പരിഗണനയ്ക്ക് എത്തും.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ക്ഷേമ പെന്‍ഷന്‍ വര്‍ധനവുണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മൂന്നാം തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടത് മുന്നണിയെ സംബന്ധിച്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍ അനിവാര്യമാണ്. പരമ്പരാഗത വ്യവസായങ്ങള്‍ക്കും വന്‍കിട പദ്ധതികള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന ലഭിച്ചേക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം സ്ത്രീ സുരക്ഷാ പെന്‍ഷന്‍, കണക്ട് വര്‍ക്ക് സ്കോളര്‍ഷിപ്പ് എന്നിവയില്‍ നേരിയ വര്‍ധനവിനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പള പരിഷ്കരണം, ഡി എ കുടിശിക എന്നിവയില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍, സംസ്ഥാനത്തിന്‍റെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത് ധനമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.

